സുൽത്താൻ ബത്തേരി: കൃഷ്ണഗിരി മേഖലയിൽ തമ്പടിച്ചിരിക്കുന്ന കടുവയെ പിടികൂടാനുറച്ച് വനം വകുപ്പ്. ആർ.ആർ.ടിയും വാച്ചർമാരുമടങ്ങിയ സംഘം വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്. കണ്ടാൽ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരിം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.
മലയിടുക്കുകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ മേഖലയാണ് കൃഷ്ണഗിരി. കൊളഗപ്പാറക്കും റാട്ടക്കുണ്ടിനുമിടയിലുള്ള ഭാഗത്താണ് മലയിടുക്ക്. ഈ ഭാഗത്ത് പാറക്കൂട്ടങ്ങളും നിരവധിയാണ്. കടുവ ഈ ഭാഗത്ത് ഇടക്കിടെ എത്താറുണ്ട്. ഇവിടെവച്ച് വെടിവെക്കുക അസാധ്യമാണ്. വെടിയേൽക്കാതെ പാറക്കൂട്ടങ്ങൾക്കിടയിൽ മറയാൻ കടുവക്ക് കഴിയും. മറ്റിടങ്ങളൊക്കെ ഇടതൂർന്ന് നിൽക്കുന്ന കാപ്പിത്തോട്ടങ്ങളാണ്. കാപ്പിത്തോട്ടങ്ങളിലെ തിരച്ചിലും ശ്രമകരമാണ്. സ്വകാര്യ എസ്റ്റേറ്റുകളിലും ചെറുകിട കൃഷിയിടങ്ങളിലും വനംപോലെ കിടക്കുന്ന ഭാഗങ്ങളൊക്കെ വെട്ടിത്തെളിക്കാൻ കഴിഞ്ഞ ദിവസം വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 40 ശതമാനം ഉടമകളെ ഇതിന് തയ്യാറായുള്ളു. ഇതും തിരച്ചിലിൽ തടസ്സം ഉണ്ടാക്കുന്നുണ്ട്.
വിവിധ ഇടങ്ങളിലായി നാല് കൂടുകൾ സ്ഥാപിച്ചതായി വനം വകുപ്പ് പറയുന്നു. എന്നാൽ ഇവ കൂടാതെ ചിലയിടങ്ങളിലും കൂടുകൾ ഉള്ളതായി സൂചനയുണ്ട്. മൈലമ്പാടി, കൃഷ്ണഗിരി, റാട്ടക്കുണ്ട്, സിസി, അപ്പാട് എന്നി വാർഡുകളിലൊക്കെ ജനം ജാഗ്രതയിലാണ്.
ഒമ്പതിന് മീനങ്ങാടിയിൽ വിവിധ വാർഡുകളില്ലുള്ളവർ പ്രത്യേക ഗ്രാമസഭ ചേരുന്നുണ്ട്. കമ്മ്യൂണിറ്റി ഹാളിലാണ് യോഗം. അതിനിടയിൽ കടുവ കൂടുതൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചാൽ സർവകക്ഷി സമരസമിതിയുടെ നേതൃത്വത്തിലുള്ള വലിയ സമരങ്ങൾക്ക് തീരുമാനമുണ്ടാകും. ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കൃഷ്ണഗിരിയിൽ നാട്ടുകാർ യോഗം ചേർന്നിരുന്നു. കടുവയെ ഉടൻ പിടികൂടുമെന്ന പ്രതീക്ഷയാണ് സുൽത്താൻ ബത്തേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി. അസയിനാർ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ എന്നിവർ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.