സുൽത്താൻ ബത്തേരി: കടുവ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ക്ഷീരകർഷകനായ വാകേരി കൂടല്ലൂര് മറോട്ടിത്തറപ്പില് പ്രജീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയപ്പോൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറി പരിസരം ജനനിബിഡമായിരുന്നു. രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ ജനപ്രതിനിധികൾ, പൊലീസ്, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേരാണ് പരിസരത്ത് തടിച്ച് കൂടിയത്. നരഭോജി കടുവയെ വെടിവെച്ചു കൊല്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറപ്പിലായിരുന്നു എല്ലാവരും. ചിലർ മാറിനിന്ന് ചർച്ച ചെയ്യുന്നുമുണ്ട്. അനുകൂല ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ ദേശീയപാതയടക്കം ഉപരോധിക്കാനുള്ള തീരുമാനത്തിലായിരുന്നു.
ഇതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ഡി.എഫ്.ഒ ഷജ്ന കരീം പ്രദേശത്ത് സ്ഥാപിച്ച കാമറകളിൽ കടുവ വീണ്ടും എത്തിയോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പറഞ്ഞത് നാട്ടുകാരെ പ്രകോപിതരാക്കി. പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയും പിന്നീട് നാട്ടുകാർ കണ്ടതും ഒന്ന് തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഡി.എഫ്.ഒ പറഞ്ഞതോടെയാണ് ജനങ്ങൾ അവർക്കതിരെ പ്രതിഷേധിച്ചത്. ഡി.എഫ്.ഒക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രതികരിച്ച നാട്ടുകാരെ ജനപ്രതിനിധികൾ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.
കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഇറങ്ങിയ ശേഷം മൃതദേഹം ഏറ്റുവാങ്ങിയാൽ മതിയെന്ന തീരുമാനമായി മുന്നോട്ടു പോയാൽ മതിയെന്ന സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞതോടെ ജനങ്ങൾ ശാന്തരാകുകയായിരുന്നു. മനുഷ്യരുടെ ജീവൻ തന്നെ അപകടത്തിലാകുന്ന ഘട്ടങ്ങളിൽ ജില്ല ഭരണകൂടവും വനംവകുപ്പും കാര്യക്ഷമമായി പെരുമാറണമെന്ന് ഗഗാറിൻ പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അടക്കമുള്ളവർ വകുപ്പ് മന്ത്രിയും ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. ഇതിനിടെ സി.പി.െഎ.എം.എൽ നേതാവ് അജയകുമാറിന്റെ ചില പ്രസ്താവനകൾ ജനങ്ങളെ പ്രകോപിതരാക്കി. അവസാനം കൈയാങ്കളിയിലെത്തുകയും ചെയ്തു. അതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് അജയകുമാറിനെ മാറ്റി കൊണ്ടുപോയെങ്കിലും നാട്ടുകാരിൽ ചിലർ ഇവരെ പിന്തുടർന്നത് നേരിയ സംഘർഷത്തിനിടയാക്കി.
രാവിലെ മുതൽ ജനപ്രതിനിധികളടക്കം ബന്ധപ്പെട്ടെങ്കിലും കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് കിട്ടിയില്ല. ഇതിനിടെ 12 മണിയോടെ പ്രജീഷിന്റെ പോസ്റ്റുമോർട്ടം നടപടി അവസാനിക്കുകയും ചെയ്തു.അതോടെ ക്ഷമകെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് പി.കെ. മധു എന്നിവരുടെ നേതൃത്വത്തിൽ മോർച്ചറിക്ക് മുന്നിൽ കുത്തിയിരിപ്പ് തുടങ്ങി. നിരാശരായ ജനങ്ങൾ മുദ്രാവാക്യവും തുടങ്ങി.
ഇതിനിടെ ചിലർ ഡി.എഫ്.ഒക്ക് നേരെ മുദ്രാവാക്യങ്ങൾ മുഴക്കി എത്തിയെങ്കിലും എം.എൽ.എ ഉൾപ്പെടെയുള്ളവരടക്കം ഇടപെട്ടു. വനംവകുപ്പിനോട് പ്രതിഷേധമുണ്ടെങ്കിലും വ്യക്തിപരമായി ആരോടും വിരോധമില്ലെന്നും എം.എൽ.എ അടക്കമുള്ളവർ പറഞ്ഞു.
ഡി.എഫ്.ഒ അധികൃതർക്ക് നൽകിയ റിപ്പോർട്ടിൽ കടുവ നരഭോജിയാണെന്നും പ്രശ്നക്കാരനാണെന്നും അതിനെ വെടിവെച്ച് കൊല്ലണമെന്നുമാണ് അറിയിച്ചതെന്നും മുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അനുകൂല ഉത്തരവ് ഇറക്കാത്തതിൽ ഡി.എഫ്.ഒയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ജനപ്രതിനിധികൾ പറഞ്ഞു. ഇതിനിടെ ഇറങ്ങിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ കടുവയെ പിടിക്കാൻ കൂടു വെക്കാനും കടുവയെ മയക്ക് വെടിവെക്കാനുമാണ് ഉണ്ടായിരുന്നത്.
ഇതോടെ രോഷാകുലരായ ജനങ്ങൾ വനംവകുപ്പിനെതിരെ മുദ്രവാക്യം മുഴക്കി ബഹളം വെച്ചു. എം.എൽ.എ ഫോണിൽ അധികൃതരുമായി ബന്ധപ്പെടുകയും നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കാതെ മൃതദേഹം മോർച്ചറിയിൽ നിന്നിറക്കില്ലെന്നും ഉപവാസം തുടരുമെന്നും അറിയിച്ചു. രണ്ടു മണിക്കൂറോളം കഴിഞ്ഞശേഷമാണ് തിരുത്തിയ ഉത്തരവ് ഇറങ്ങിയത്.
നാട്ടുകാർ റോഡിലൂടെ പ്രകടനവും നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സബ് കലക്ടർ ആര്. ശ്രീലക്ഷ്മി, എ.ഡി.എം എന്.ഐ ഷാജു എന്നിവരടക്കം സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.