കടുവയെ തളക്കാനാവുന്നില്ല; ചീരാലിൽ നാളെ ഹർത്താൽ

സുൽത്താൻ ബത്തേരി: ഒരു മാസത്തോളമായി നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖലയിൽ തമ്പടിക്കുന്ന കടുവയെ തളക്കാനാവുന്നില്ല. പൊറുതിമുട്ടിയ നാട്ടുകാർ ചൊവ്വാഴ്ച ചീരാൽ വില്ലേജ് പരിധിയിൽ ഹർത്താൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. വനം വകുപ്പ് കാര്യക്ഷമമാകണം എന്നാണ് ഹർത്താൽ ആഹ്വാനത്തിലൂടെ നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.

ചീരാൽ മുളവൻകൊല്ലി രാമചന്ദ്രന്റെ കറവ പശുവിനെയാണ് ഞായറാഴ്ച രാത്രി കടുവ ആക്രമിച്ചു കൊന്നത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പഴൂർ, ചീരാൽ, വല്ലത്തൂർ, മുണ്ടക്കൊല്ലി എന്നിവിടങ്ങളിലായി ആക്രമിക്കപ്പെട്ട വളർത്തു മൃഗങ്ങളുടെ എണ്ണം ഒരു ഡസനടുത്തായി.

ഓരോ പ്രഭാതത്തിലും പശുക്കൾ ആക്രമിക്കപ്പെട്ട വിവരവുമായാണ് ഗ്രാമങ്ങൾ ഉറക്കമുണരുന്നത്. നാളെ ആരുടെ പശു എന്നതാണ് ഓരോരുത്തരും ഉന്നയിക്കുന്ന ചോദ്യം. ഒന്നിലേറെ കൂടുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച് വനംവകുപ്പ് കാവൽ ഇരിക്കുകയാണ്.

കാമറ നിരീക്ഷണവും എല്ലായിടത്തുമുണ്ട്. വളർത്തു മൃഗങ്ങൾ കൂടുതൽ ആക്രമിക്കപ്പെടുന്നതിനാൽ മയക്കുവെടി വെച്ച് കടുവയെ പിടികൂടാനും വനംവകുപ്പ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും ഒടുവിൽ കടുവ ആക്രമിച്ചു കൊന്ന പശുവിന്റെ ഉടമ മുടവൻകൊല്ലി രാമചന്ദ്രന്റെ വീട്ടിൽ ഞായറാഴ്ച രാവിലെ ജനപ്രതിനിധികളും വനംവകുപ്പ്, വെറ്ററിനറി ഉദ്യോഗസ്ഥരും എത്തി. പ്രദേശത്തെ ജനം പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.

രാത്രി പശുത്തൊഴുത്തിന് ചുറ്റും ലൈറ്റ് ഇടുക, രാവിലെ നടക്കാൻ ഇറങ്ങുന്നവരും സൊസൈറ്റിയിൽ പാൽ കൊടുക്കാൻ പോകുന്നവരും അതിജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങളും റവന്യു-വനം അധികൃതർ നൽകി.

Tags:    
News Summary - tiger menace increased-hartal in chiral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.