ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ മുതുമല കടുവാ സങ്കേതത്തിൽ വന കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി ടൈഗർ എന്ന സ്നിഫർ നായെ കൊണ്ടുവന്നു. മൂന്നര വർഷത്തോളം മുതുമല കടുവാസങ്കേതത്തിലുണ്ടായിരുന്ന ശ്വാനൻ ഓഫർ അനാരോഗ്യംമൂലം 2020 മേയിൽ മരിച്ചു.
നായെ പരിശീലിപ്പിക്കാൻ പരിശീലകനും സഹായിയുമായ വടിവേലുവിനെ നിയമിച്ചിരുന്നു. വനമേഖലകളിൽ നടക്കുന്ന വനകുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ചന്ദനം ഉൾപ്പെടെയുള്ള കള്ളക്കടത്ത് കണ്ടെത്തുന്നതിനും ഈ നായെ ഉപയോഗിച്ചിരുന്നു. ഓഫറിന് പകരക്കാരനായി ടൈഗർ എത്തിയത്.
ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ സ്നിഫർ ഡോഗ് പരിശീലന കേന്ദ്രത്തിലാണ് ജർമൻ ഷെപ്പേർഡ് വളർത്തുന്നത്. ഈ ഇനത്തിൽപെട്ട 14 നായ്ക്കൾക്കിടയിൽ മികച്ച പരിശീലനം ലഭിച്ചതിന് ശേഷം കഴിഞ്ഞ നവംബർ 24നാണ് ടൈഗർ എന്ന സ്നിഫർ നായെ ആദ്യമായി മുതുമലയിൽ എത്തിച്ചത്.
തെപ്പക്കാട് വന്യജീവി സങ്കേതത്തിൽ സ്നിഫർ നായ്ക്ക് പ്രത്യേക താമസസ്ഥലം നൽകിയിട്ടുണ്ട്, സമീപത്ത് പരിശീലകനായ വടിവേലു താമസിച്ചാണ് പരിപാലിക്കുന്നത്. മുതുമലയിൽ എത്തിയത് മുതൽ ഈ നായ്ക്ക് പരിശീലനം മാത്രമാണ് നൽകിയത്. ഫീൽഡ് വർക്കിനായി ഇതുവരെ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല. ടൈഗർ ഉടൻ ഫീൽഡ് ജോലികളിൽ ഏർപ്പെടുമെന്നും ഒന്നര വയസ്സുള്ള നായ് ഏകദേശം 12 വയസ്സ് വരെ ഡ്യൂട്ടിയിലായിരിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.