സുൽത്താൻ ബത്തേരി: വാകേരിയിലെ ജനവാസ കേന്ദ്രത്തിൽ എത്തുന്ന കടുവയുടെ സഞ്ചാരരീതി വിലയിരുത്തുമ്പോൾ സ്ഥിരമായ പ്രദേശങ്ങളിലൂടെയാണെന്ന് മനസ്സിലാക്കാൻ കഴിയും. പൂതാടി പഞ്ചായത്തിലൂടെ എത്തുന്ന കടുവ, മീനങ്ങാടി പഞ്ചായത്തിലൂടെ സുൽത്താൻ ബത്തേരി മേഖലയിലേക്ക് നീങ്ങുന്നു.
കുറെ മാസങ്ങളായി കടുവകളുടെ സഞ്ചാരപഥം ഒരുപോലെയാണ്. മുത്തങ്ങ കാടുമായി ബന്ധപ്പെട്ടുകിടക്കുന്ന ചെതലയം കാട്ടിൽനിന്നാണ് സുൽത്താൻ ബത്തേരി - പുൽപള്ളി റോഡ് പിന്നിട്ട് കടുവകൾ പൂതാടി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നത്. വാകേരി മേഖലയുടെ ഒരു വശം മുഴുവൻ ചെതലയം കാടാണ്. വാകേരി മേഖലയിലെ ജനവാസ കേന്ദ്രത്തിലെ ഇറങ്ങുന്ന കടുവകൾ മൂടക്കൊല്ലി, കൂടല്ലൂർ, സിസി തുടങ്ങിയയിടങ്ങളിലൊക്കെ എത്തുന്നു. സിസി, മടൂർ മേഖലകളിലൂടെയാണ് കടുവ മീനങ്ങാടി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നത്. കൽപന, പുല്ലുമല തുടങ്ങിയ ഗ്രാമങ്ങൾ പിന്നിട്ട് ആവയൽ, മണ്ഡകവയൽ, മൈലമ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ എത്തുന്നു.
മൈലമ്പാടിയിലെത്തുന്ന കടുവ മിക്കവാറും കൃഷ്ണഗിരി മേഖലയിലേക്ക് നീങ്ങുകയാണ് പതിവ്. കൊളഗപ്പാറയിൽ എത്തുന്ന കടുവക്ക് പിന്നീട് മധ്യപ്രദേശ് സർക്കാറിന്റെ ബീനാച്ചി എസ്റ്റേറ്റിലേക്ക് പ്രവേശിക്കാൻ എളുപ്പമാണ്. ബീനാച്ചി എസ്റ്റേറ്റിൽ എത്തുന്ന കടുവയാണ് പിന്നീട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽപെട്ട മണിച്ചിറ, ദൊട്ടപ്പൻകുളം തുടങ്ങിയ പ്രദേശങ്ങളിൽ എത്തുന്നത്.
സുൽത്താൻബത്തേരി: കഴിഞ്ഞ ദിവസം പുൽപള്ളി-സുൽത്താൻ ബത്തേരി റൂട്ടിൽ യാത്ര ചെയ്ത ബൈക്ക് യാത്രക്കാരനെ കടുവ ഓടിച്ചു. ചെതലയത്തിനടുത്ത് പാമ്പ്ര എസ്റ്റേറ്റിനോടു ചേർന്ന ഭാഗത്തുവെച്ചാണ് ബൈക്ക് യാത്രക്കാരന്റെ പുറകെ കടുവ ഓടിയത്. ഈ രീതിയിലുള്ള സംഭവങ്ങൾ ഈ റൂട്ടിൽ പതിവാകുന്നതായാണ് വിവരം. പലരും രക്ഷപ്പെടുന്നത് തലനാരിഴക്കാണ്.
ചെതലയം കാട്ടിൽ നിന്നുള്ള കടുവകളാണ് വാകേരി മേഖലയിലേക്ക് എത്തുന്നത്. പൂതാടി പഞ്ചായത്തിലെ പാമ്പ്ര എസ്റ്റേറ്റ് പാപ്ലശ്ശേരി, ഗാന്ധിനഗർ ഭാഗത്തേക്ക് നീളുന്നുണ്ട്. എസ്റ്റേറ്റിലൂടെ എത്തുന്ന കടുവ ഇവിടെനിന്നാണ് വാകേരി മേഖലയിലെ സ്വകാര്യ തോട്ടത്തിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.