സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ സൊസൈറ്റിക്കവലയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ ഒറ്റയാെൻറ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഒറ്റയാനെ വനത്തിലേക്ക് തുരത്തി. കടുവാഭീതിയൊഴിഞ്ഞ് ഒരുമാസം പിന്നിടുന്നതിനിടെയാണ് പ്രദേശങ്ങളിൽ വീണ്ടും ഭീതിയുളവാക്കി കൊമ്പനെത്തിയത്. മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെ ജനവാസമേഖലയിലാണ് തിങ്കളാഴ്ച രാവിലെ കാടിറങ്ങി കൊമ്പനെത്തിയത്.
അപ്പാട്, മൂന്നാനക്കുഴി, ചൂതുപാറ, സൊസൈറ്റിക്കവല, കോളേരി, കേളമംഗലം പ്രദേശങ്ങളിലാണ് കാടിറങ്ങിയ കൊമ്പൻ ഭീതിപടർത്തിയത്. കഴിഞ്ഞ മാസം ജനവാസകേന്ദ്രത്തിൽനിന്ന് കടുവയെ കൂടുവെച്ച് പിടികൂടിയിരുന്നു. രാവിലെ ഏഴോടെയാണ് കൃഷിയിടത്തിൽ കാട്ടാനയുടെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. വനപാലകരെ വിവരമറിയിച്ചു. തുടർന്ന് ഇരുളം, പുൽപള്ളി റേഞ്ച് ഓഫിസുകളിൽനിന്നെത്തിയ പ്രത്യേക വനപാലകസംഘം ആനയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ തുടരുന്നതിനിടെയാണ് രണ്ടുപേർ ആക്രമിക്കപ്പെടുന്നത്. മീനങ്ങാടി സൊസൈറ്റിക്കവല മുണ്ടിയാനിയിൽ കരുണാകരൻ (75), കേണിച്ചിറ കേളമംഗലം പാലാറ്റിൽ രാമചന്ദ്രൻ (76) എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ കരുണാകരനെ മീനങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തു. രോഗബാധിതനായ കരുണാകരൻ ഡോക്ടറുടെ നിർദേശപ്രകാരം നടക്കാനിറങ്ങിയപ്പോഴാണ് ആനയുടെ മുന്നിലകപ്പെടുന്നത്.
നിസ്സാര പരിക്കേറ്റ കേളമംഗലം രാമചന്ദ്രൻ ബത്തേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.കാട്ടാനയിറങ്ങിയതോടെ പൊതുജനങ്ങൾ റോഡുകളിലേക്ക് ഇറങ്ങരുതെന്നും വീടുകളിൽതന്നെ കഴിയണമെന്നുമുള്ള വനംവകുപ്പിെൻറ മുന്നറിയിപ്പാണ് കൂടുതൽ അപകടമില്ലാതെ ആനക്ക് കേളമംഗലം കാടുകയറാൻ വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.