സുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമന കോഴ ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെ.പി.സി.സി അംഗം പി.വി. ബാലചന്ദ്രെൻറ പാർട്ടിയിൽനിന്നുള്ള രാജിയോടെ കൂടുതൽ ശക്തമാകുന്നു. രാജിവെച്ച ബാലചന്ദ്രൻ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചാൽ നേതാക്കൾക്ക് പ്രതിരോധത്തിലാകേണ്ടിവരും.
നിയമന കോഴയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്ക് പങ്കുണ്ടെന്ന് ബാലചന്ദ്രൻ തുറന്നടിച്ചതാണ് കോൺഗ്രസിൽനിന്ന് അദ്ദേഹത്തിന് പുറത്തേക്കുള്ള വാതിൽ തുറന്നത്. കെ.പി.സി.സി ഉപസമിതി അന്വേഷണം നടക്കുന്നതിനിടയിൽ ബാലചന്ദ്രെൻറ ആരോപണം കോൺഗ്രസിന് വലിയ ക്ഷീണമുണ്ടാക്കി. കോൺഗ്രസിൽനിന്ന് സ്വയം പുറത്തു പോയില്ലെങ്കിൽ പുറത്താക്കാനുള്ള ശ്രമങ്ങൾ ഒരുപറ്റം നേതാക്കളുടെ നേതൃത്വത്തിൽ സജീവമായിരുന്നു.
ഇത് മനസ്സിലാക്കി ഒരുമുഴം മുമ്പേ എറിയാൻ കെ.പി.സി.സി നിർവാഹകസമിതി അംഗത്തിനായി.ഡി.സി.സി സെക്രട്ടറിമാർ ഉൾപ്പെട്ട അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ബാങ്ക് പ്രസിഡൻറ്, കോൺഗ്രസ് നേതാവ് എന്നിവർക്കെതിരെ നടപടി ഉണ്ടായത്. എന്നാൽ, ഈ റിപ്പോർട്ട് ചോർന്നതാണ് ബാലചന്ദ്രനെ പ്രകോപിപ്പിച്ചത്. റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. അഡ്വ. സണ്ണി ജോസഫ്, കെ.പി. ധനപാലൻ എന്നിവരടങ്ങുന്ന അന്വേഷണ സമിതി എന്ന് റിപ്പോർട്ട് കൊടുക്കുമെന്നതാണ് ഇനി അറിയേണ്ടത്. മൂന്നംഗ സമിതിയുടെ അന്വേഷണത്തിനു ശേഷം ജില്ലയിലെ കോൺഗ്രസിൽ നിരവധി നാടകീയ നീക്കങ്ങളാണ് നടന്നിട്ടുള്ളത്. ഇതൊക്കെ വിലയിരുത്തി പഠിച്ചതിനു ശേഷമേ അന്തിമ റിപ്പോർട്ട് തയാറാകൂവെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.