സുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി കോഓപറേറ്റിവ് അർബൻ ബാങ്കിൽ നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ നടപടി നേരിട്ട നേതാക്കൾ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെ കാണും.
ഒരാഴ്ചക്കുള്ളിൽ വിശദീകരണം കൊടുക്കണമെന്നായിരുന്നു സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. നേതാക്കൾ വിശദീകരണക്കുറിപ്പ് കെ.പി.സി.സി പ്രസിഡൻറിനെ ഏൽപിച്ചാലും ബാങ്ക് വിവാദം കോൺഗ്രസിനുള്ളിൽ പെട്ടെന്ന് കെട്ടടങ്ങില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. കെ.പി.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധിയോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനാൽ അദ്ദേഹം ഓഫിസിലില്ല. അദ്ദേഹം എത്തുന്നതോടെ അവിടെ പോയി വിശദീകരണം കൈമാറുമെന്നാണ് ബാങ്ക് പ്രസിഡൻറ് ഡോ. സണ്ണി ജോർജ് പറയുന്നത്.
വിശദീകരണം കേട്ടതിനുശേഷം വേണമെങ്കിലേ കൂടുതൽ നടപടികളിലേക്ക് കെ.പി.സി.സി കടക്കൂ.കൂടുതൽ നടപടികൾ ഉണ്ടായാൽ ബാങ്കുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നേതാക്കൾ പുറത്തുപറഞ്ഞേക്കും.ഡി.സി.സി സെക്രട്ടറി ആർ.പി. ശിവദാസിെൻറ പേരിൽ പുറത്തുവന്ന കത്തിൽ കൂടുതൽ നേതാക്കളുടെ അഴിമതിക്കഥകളുണ്ട്. അതിെൻറ നിജസ്ഥിതി അന്വേഷിക്കാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണ സമിതിയിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കെ.പി. ധനപാലൻ എന്നിവരാണുള്ളത്. സസ്പെൻഡ് ചെയ്യപ്പെട്ട നേതാക്കളാണ് കത്തിനു പിന്നിലെന്ന് കെ.പി.സി.സി അംഗം കെ.കെ. വിശ്വനാഥൻ മാസ്റ്റർ ആരോപിച്ചിരുന്നു.കത്ത് താൻ എഴുതിയതല്ലെന്ന് ആർ.പി. ശിവദാസും വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായും ബാങ്ക് വിവാദം കൂടുതൽ നേതാക്കളെ കുരുക്കിലാക്കുന്നതായി വേണം കരുതാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.