സുൽത്താൻ ബത്തേരി: ഡ്രൈവിങ് ടെസ്റ്റ് വിജയിപ്പിച്ച് നൽകുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായ സൂചനയെത്തുടർന്ന് ടെസ്റ്റിനിടെ ബത്തേരിയിൽ വിജിലൻസ് മിന്നൽ പരിശോധന. പരിശോധനയിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകാൻ പിരിച്ച പണവുമായി ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിലായി. ബത്തേരിയിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന സുരേഷ് കുമാറാണ് വിജിലൻസിന്റെ പിടിയിലായത്. മറ്റു ഡ്രൈവിങ് സ്കൂളുകാരിൽനിന്ന് പിരിച്ചെടുത്ത 14,300 രൂപയും പണം നൽകിയവരുടെ പേരുകളും വിവരങ്ങളുമെഴുതിയ ഡയറിയും ഇയാളിൽനിന്ന് വിജിലൻസ് കണ്ടെടുത്തു.
ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റും നാലുചക്ര വാഹനങ്ങളുടെ ടെസ്റ്റും വിജയിപ്പിക്കുന്നതിന് വെവ്വേറെ തുകയാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നതെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ഡ്രൈവിങ് സ്കൂളുകാരിൽനിന്ന് പണം പിരിക്കുന്ന ചുമതല സുരേഷ് കുമാറിനാണ്. വാരാന്ത്യത്തിൽ തുക ഉദ്യോഗസ്ഥർക്ക് ഇയാൾ കൈമാറുമെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. വിജിലൻസ് ഡിവൈ.എസ്.പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സി.ഐ എ.യു. ജയപ്രകാശ്, എ.എസ്.ഐമാരായ പ്രമോദ്, ജോൺസൺ, എസ്.സി.പി.ഒമാരായ ബാലൻ, ഗോപാലകൃഷ്ണൻ, സുബിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.