സുൽത്താൻ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടു ചോർച്ചക്കു പിന്നാലെ എൻ.ഡി.എയിൽ വിവാദങ്ങൾ പുകയുന്നു. സുൽത്താൻ ബത്തേരിയിലെ സ്ഥാനാർഥിയായിരുന്ന സി.കെ. ജാനു വോട്ടു ചോർച്ചയിൽ ബി.ജെ.പിക്കാരെ പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. അതിനിടയിൽ ജെ.ആർ.പിയിൽ അഭ്യന്തര കലഹം രൂക്ഷമായതായാണ് വിവരം.2016നെ അപേക്ഷിച്ച് 12722 വോട്ടുകളാണ് ഇത്തവണ എൻ.ഡി.എക്ക് കുറഞ്ഞത്.
പ്രചാരണത്തിൽ 2016ലെ പോലെ ബി.ജെ.പിക്കാർ ഇത്തവണ സജീവമായില്ലെന്ന് സി.കെ. ജാനു തന്നെ പറയുന്നു. എന്നാൽ കേരളത്തിൽ മൊത്തത്തിലുണ്ടായ ഇടത് തരംഗവും വോട്ടു ചോർച്ചക്ക് കാരണമായിട്ടുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. വോട്ടെടുപ്പിനു ശേഷം ജെ.ആർ.പിയിലെ ചില നേതാക്കൾ ബി.ജെ.പിക്കെതിരെ രംഗത്തുവന്നിരുന്നു. പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ജെ.ആർ.പി നേതാവ് കത്ത് അയക്കുകയും ചെയ്തു.
തെൻറ അറിവോടെയല്ല കത്ത് അയച്ചതെന്ന് ജാനു വ്യക്തമാക്കി. ഇതോടെയാണ് ജെ.ആർ.പിയിൽ അഭ്യന്തര കലഹം രൂക്ഷമായത്. പാർട്ടിയിൽ ചർച്ചചെയ്യേണ്ട കാര്യങ്ങൾ പരസ്യമായി വിളിച്ചു പറയുന്നത് ജനാധിപത്യ പാർട്ടിക്ക് ചേർന്നതല്ലെന്നും ജെ.ആർ.പി യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷ കൂടിയായ ജാനു പറഞ്ഞു. തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. അതിലൊന്നും വാസ്തവമില്ലെന്നും അവർ വ്യക്തമാക്കി.
ജാനുവിനെതിരെ അവരുടെ പാർട്ടിയിൽപ്പെട്ടവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ബി.ജെ.പിയെയും വെട്ടിലാക്കുന്നുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയായി സുൽത്താൻ ബത്തേരിയിൽ ഇത്തവണ സി.കെ. ജാനു എന്ന 'ഐക്കൺ' അവതരിപ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അല്ലാതെ അവരുടെ പാർട്ടിയുടെ ശക്തിയേയോ പ്രവർത്തകരേയൊ എൻ.ഡി.എ കണക്കിലെടുത്തിട്ടില്ല. ഘടകകക്ഷികളടെ പ്രചാരണത്തിന് പണം കൊടുക്കുന്ന രീതി പാർട്ടിക്കില്ലെന്നും ഒരു ബി.ജെ.പി ജില്ല നേതാവ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.