കഴിഞ്ഞ ദിവസം വെളുപ്പിന് ബത്തേരി നഗരത്തിലെ ഡബ്ല്യൂ.എം.ഒ സ്കൂളിനടുത്തെത്തിയ പന്നിക്കൂട്ടം

ബത്തേരി നഗരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം; ആർ.ആർ.ടിയും രംഗത്ത്

സുൽത്താൻ ബത്തേരി: നഗരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമും (ആർ.ആർ.ടി) രംഗത്തിറങ്ങുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെത്തിയ പന്നിക്കൂട്ടത്തിൽ ഏതാനും എണ്ണത്തെ കെണിവെച്ച് പിടികൂടി. പന്നിശല്യം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ ഇനിയും പ്രതിരോധപ്രവർത്തനം തുടരുമെന്ന് ആർ.ആർ.ടി ഉദ്യോഗസ്ഥർ പറഞ്ഞു.

രാത്രി, പകൽ ഭേദമില്ലാതെയാണ് സുൽത്താൻ ബത്തേരി നഗരത്തിൽ കാട്ടുപന്നികൾ എത്തുന്നത്. കഴിഞ്ഞ ദിവസം ഡബ്ല്യു.എം.ഒ സ്കൂൾ വളപ്പിൽ പന്നിക്കൂട്ടം കയറി. ആർ.ആർ.ടി ടീം ഏതാനും എണ്ണത്തെ വലവെച്ച് പിടികൂടി. പിന്നീട് ഉൾക്കാട്ടിൽ തുറന്നു വിട്ടു. പകൽ ജനത്തിരക്കേറിയ ഇടങ്ങളിൽ എത്തുന്ന പന്നികളെ കെണിവെച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിടാൻ തന്നെയാണ് വനംവകുപ്പിന്‍റെ തീരുമാനം.


(കാട്ടുപന്നിയെ പിടികൂടാൻ ആർ.ആർ.ടി ടീം വല ഒരുക്കുന്നു)

കുപ്പാടി, ചെതലയം വനങ്ങൾ സുൽത്താൻ ബത്തേരി നഗരത്തോട് ചേർന്നാണ്. എന്നാൽ, എല്ലാ ദിവസവും നഗരത്തിലെത്തുന്ന പന്നിക്കൂട്ടം വനത്തിൽനിന്നും എത്തുന്നതല്ലെന്നാണ് വനം അധികൃതർ പറയുന്നത്. ജനവാസ കേന്ദ്രങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങളിൽ പന്നിക്കൂട്ടം താമസിക്കുകയാണ്. ഇരുട്ടുവീഴുന്നതോടെ കൃഷിയിടം വിട്ട് ദേശീയ, സംസ്ഥാന പാതകളിലേക്കിറങ്ങും. എണ്ണം പെരുകിയതിനാൽ പന്നികൾക്ക് തീറ്റ ക്ഷാമമുണ്ട്. കൂട്ടമായും ഒറ്റക്കും പന്നികൾ തീറ്റതേടി അലയുന്നു.

നഗരത്തിനടുത്തെ മന്ദണ്ടിക്കുന്ന്, സത്രംകുന്ന്, ഫെയർലാൻഡ്, കാരക്കണ്ടി, ചീനപ്പുല്ല്, കട്ടയാട്, പൂതിക്കാട്, ദൊട്ടപ്പൻകുളം, മന്ദംകൊല്ലി, ബീനാച്ചി, പഴുപ്പത്തൂർ എന്നിവിടങ്ങളിലൊക്കെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഒരു ദിവസം നഗരസഭ പരിധിയിൽ മാത്രം ചുറ്റിത്തിരിയുന്ന പന്നികളുടെ എണ്ണം 300ഓളം വരുമെന്നാണ് വനം വകുപ്പിൽനിന്നും ലഭിക്കുന്ന സൂചന. അതിനാൽ കെണിവെക്കൽ നഗരത്തിൽ മാത്രം ഒതുക്കേണ്ടി വരുകയാണ്.

അപ്രതീക്ഷിതമായി റോഡിന് കുറുകെ പരക്കംപായുന്ന കാട്ടുപന്നികൾ വാഹനങ്ങൾക്ക് വലിയ ഭീഷണിയായിട്ടുണ്ട്‌. ദൊട്ടപ്പൻകുളം, കട്ടയാട്, മന്ദണ്ടിക്കുന്ന് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ രീതിയിൽ അപകടങ്ങൾ നടന്നു. പരിക്കേറ്റവർ ചികിത്സ തുടരുകയാണ്. ഇതു കൂടാതെ പുറത്തറിയാത്ത അപകടങ്ങളും ഏറെയാണ്. പന്നിക്ക് പരിക്കേറ്റാൽ കേസുണ്ടാകുമെന്ന പേടിയാൽ ചില വാഹന ഉടമകൾ സംഭവം മൂടിവെക്കുകയാണ്.

Tags:    
News Summary - Wild boar in Bathery; RRT came

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.