സുൽത്താൻ ബത്തേരി: കല്ലുമുക്കിൽ യുവാവിനെ കാട്ടാന ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ജനരോഷം. ഞായറാഴ്ച രാത്രി 8.45 ഓടെയാണ് കല്ലുമുക്ക് മാറോട് കുറുമ കോളനിയിലെ രാജുവിനെ(48) കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇയാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ കല്ലൂരിൽ ദേശീയപാത ഉപരോധിച്ചു. സർവകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഉപരോധം തുടങ്ങിയത്. സ്ഥിരമായുള്ള കാട്ടാന ആക്രമണത്തിന് പരിഹാരം കാണണമെന്നും ചർച്ചക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം.
ഉച്ചയോടെ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സൂരജ് ബെൻ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. പരിക്കേറ്റയാളുടെ ചികിത്സ ചിലവ് പൂർണമായും വനം വകുപ്പ് വഹിക്കും. പ്രദേശത്തെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സമരക്കാർക്ക് ഉറപ്പുനൽകി. ചൊവ്വാഴ്ച നൂൽപ്പുഴ പഞ്ചായത്തിൽ വന്യ മൃഗശല്യവുമായി ബന്ധപ്പെട്ട് ജാഗ്രത സമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഉപരോധത്തിൽ ഒന്നരമണിക്കൂറോളമാണ് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചത്.രാജുവിന് നെഞ്ചിലും കൈകാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ രാജുവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാത്രി കവലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെടുന്നത്. രാജുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.