സുൽത്താൻ ബത്തേരി: വനാതിർത്തിയിൽ സ്ഥാപിച്ച റെയിൽപാള വേലി തകർന്നത് നന്നാക്കാൻ കാലതാമസം നേരിടുന്നതിനിടെ കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങി വൻ നാശം വരുത്തുന്നു. മൂടക്കൊല്ലിയിലും പരിസരങ്ങളിലുമാണ് കാട്ടാനശല്യം രൂക്ഷമായത്. രണ്ടു കൊമ്പനും ഒരു പിടിയാനയുമാണ് സ്ഥിരമായി എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം മൂടക്കൊല്ലിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കരികുളം അജീഷ്, പറമ്പിൽ ജനാർദനൻ, പ്ലാപ്പിള്ളിൽ പുഷ്പാകരൻ, കുന്നേൽ ഷിബി, മാപ്പിളത്തൊടിയിൽ പരമേശ്വരൻ, കരികുളത്ത് സത്യൻ, ശ്രീനേഷ് തുടങ്ങിയവരുടെ കമുക്, കാപ്പി, വാഴ, തെങ്ങ്, തീറ്റപ്പുല്ല് എന്നിവ നശിപ്പിച്ചു. ഒരു മാസത്തിനിടെ പത്തിലേറെ തവണയാണ് ഇവിടെ കാട്ടാനകൾ എത്തിയത്. അഞ്ചു മാസം മുമ്പ് കടുവശല്യം രൂക്ഷമായിരുന്നിടത്താണ് കാട്ടാനകൾ ഭീതി വിതക്കുന്നത്.
മൂടക്കൊല്ലി മുതൽ സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോ വരെ 10 കിലോമീറ്റർ ദൂരത്ത് 15 കോടി മുടക്കിയാണ് മൂന്നു വർഷം മുമ്പ് റെയിൽപാള വേലി സ്ഥാപിച്ചത്. നിർമാണത്തിലെ അപാകതയിൽ പലയിടത്തും കാട്ടാനകൾ വേലി പൊളിക്കുന്ന സാഹചര്യമുണ്ട്. കനത്ത കാറ്റിലും മഴയിലും റെയിൽവേലിക്ക് മുകളിൽ വലിയ മരം കടപുഴകി ചിലയിടങ്ങളിൽ വേലിക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഇത് യഥാസമയം നന്നാക്കാത്തതും കാട്ടാനശല്യം വർധിക്കാൻ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.