സുൽത്താൻ ബത്തേരി: മരിയനാട്, ചേലകൊല്ലി, നായർ കവല തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. പകൽ -രാത്രി ഭേദമില്ലാതെ കാട്ടാനകളെത്തുന്നു. ചെതലയം വനത്തിൽനിന്നുള്ള കാട്ടാനകളാണ് ഇവിടെ എത്തുന്നത്.
വനാതിർത്തിയിൽ ട്രഞ്ച് ഇടിഞ്ഞു തകർന്നതും, വൈദ്യുതി വേലി അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ആനകൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ആനകൾ റോഡ് വഴി വീടുകളുടെ മുറ്റത്തെത്തുന്നതടക്കം സി.സി.ടി.വിയിൽ പതിഞ്ഞതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. ചേലകൊല്ലി ക്ഷേത്രത്തിന് മുകൾഭാഗത്ത് കരിങ്കൽ ഭിത്തി തകർന്ന് കിടക്കുന്നത് വർഷങ്ങളായിട്ടും വനം വകുപ്പ് നന്നാക്കിയിട്ടില്ല. മരിയനാട് സ്കൂളിന് സമീപം റോഡിൽ ഏതു സമയത്തും കാട്ടാനകൾ പതിവാണ്.
കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആന പൊരുന്നിക്കൽ ശശിധരൻ, പുറക്കാട്ട് സിബി, പോക്കാട്ട് വിനോദ് കുമാർ, പെരിങ്ങലത്ത് സുമതി എന്നിവരുടെ വാഴ, കാപ്പി, ഏലം, കമുക്, കൃഷികൾ നശിപ്പിച്ചു. മുമ്പ് കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയിലാണ് പുതിയ സംഭവങ്ങൾ. മരിയനാട് പ്രദേശത്തെ കാട്ടാനശല്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.