സുൽത്താൻ ബത്തേരി: വടക്കനാട്, വള്ളുവാടി, കരിപ്പൂര്, പണയമ്പം ഭാഗങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമിറങ്ങി നാശം വിതക്കുന്ന കാട്ടാന മുട്ടിക്കൊമ്പനെ തുരത്താൻ മൂന്നംഗ കുങ്കിയാന സംഘം വടക്കനാട് വനത്തിൽ തിരച്ചിൽ തുടങ്ങി. മുത്തങ്ങ ആന ക്യാമ്പിൽനിന്ന് കുഞ്ചു, പ്രമുഖ, ഉണ്ണികൃഷ്ണൻ എന്നീ കുങ്കിയാനകളെയാണ് ദൗത്യത്തിനായി തിങ്കളാഴ്ച രാവിലെ വള്ളുവാടി ഭാഗത്ത് എത്തിച്ചത്. അവിടെനിന്ന് ചൊവ്വാഴ്ച രാവിലെയാണ് വടക്കനാട് കാട്ടിലേക്ക് കൊണ്ടുപോയത്.
മുട്ടിക്കൊമ്പൻ ചൊവ്വാഴ്ച രാവിലെ വടക്കനാട് താത്തൂർ വനത്തിലെത്തിയിരുന്നു. ഇതോടെ കുങ്കിയാനകളും താത്തൂർ വനത്തിലേക്ക് പ്രവേശിച്ചു. അടിക്കാട് കൂടുതലുള്ള ഭാഗമായതിനാൽ മുട്ടിക്കൊമ്പനെ പിന്തുടരുക കുങ്കിയാനകൾക്ക് പ്രയാസമായിട്ടുണ്ട്.
ജനവാസ കേന്ദ്രത്തിൽ സ്ഥിരം പ്രശ്നക്കാരനായിരുന്ന വടക്കനാട് കൊമ്പൻ എന്ന ആനയെ 2019ൽ പിടികൂടുമ്പോൾ ഒപ്പമുണ്ടായിരുന്ന ആനയാണ് മുട്ടിക്കൊമ്പൻ. കൂട്ടാളി പോയശേഷം സ്ഥിരമായി നാട്ടിലിറങ്ങുന്ന മുട്ടിക്കൊമ്പൻ വൻതോതിലുള്ള കൃഷിനാശമാണ് വരുത്തുന്നത്. അടുത്തിടെയായി മുട്ടിക്കൊമ്പന്റെ ശല്യം കൂടിയിരിക്കുകയാണ്. താത്തൂരിൽനിന്ന് മൂന്നു കിലോമീറ്റർ മാറിയാണ് കർണാടക വനം. മുട്ടിക്കൊമ്പനെ കർണാടക വനത്തിലേക്ക് കടത്തിവിട്ടാലും ഏതാനും ദിവസങ്ങൾക്കുശേഷം തിരികെയെത്തുമെന്നാണ് വടക്കനാട്, കരിപ്പൂർ ഭാഗത്തെ നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.