സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ മാടക്കരയിൽ പെണ്ണുങ്ങൾക്കു മാത്രമായി ഒരു കളിക്കളം. ഫുട്ബാളും സൈക്കിൾ പോളോയും പരിശീലിക്കാനായി ഇവിടെയെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരുകയാണ്. ജില്ലയിൽ എവിടെനിന്നുള്ള സ്ത്രീകൾക്കും ഈ കളിക്കളം ഉപയോഗിക്കാം. കായിക വിനോദങ്ങളും പൊതുസ്ഥലങ്ങളും ആണിന്റേതു മാത്രമാണെന്ന പൊതുബോധം തിരുത്തുകയാണ് പെൺ കളിക്കളത്തിലൂടെ അണിയറക്കാർ ഉദ്ദേശിക്കുന്നത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥ എൻ.എ. വിനയയാണ് പെൺ കളിക്കളത്തിന്റെ നെടുന്തൂൺ.
സ്വന്തമായുള്ള 72 സെന്റ് സ്ഥലത്തിൽ 30 സെന്റ് ‘വിനയ ഫ്രീഡം ഫൗണ്ടേഷ’ന്റെ കളിസ്ഥലത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ‘‘സ്ത്രീകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സംഘം ചേർന്നുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. 40 വയസ്സിനു മുമ്പേ ശാരീരിക വേദനകളുടെ ലോകത്തേക്കെറിയപ്പെട്ട് വാർധക്യം അണിയേണ്ടിവരുന്നത് കായിക വിനോദങ്ങളിൽനിന്ന് സ്ത്രീകൾ പുറന്തള്ളപ്പെടുന്നതുകൊണ്ടാണ്. ആത്മാഭിമാനമുള്ള ഒരു പെൺതലമുറയാണ് ലക്ഷ്യം. മൈതാനത്ത് കുറച്ച് മിനുക്കുപണികൾകൂടി പൂർത്തിയായാൽ കൂടുതൽ പെൺ കായിക താരങ്ങൾ ഇവിടേക്ക് എത്തും. രാത്രി പരിശീലനത്തിന് ലൈറ്റുകൾ ഒരുക്കും’’ -എൻ.എ. വിനയ പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് പെൺ കളിക്കളത്തിന്റെ ഉദ്ഘാടനം. ഗോകുലം ഫുട്ബാൾ കോച്ച് എസ്. പ്രിയ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച സൈക്കിൾ വിളംബര ജാഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.