തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കരുത്തറിയിക്കാൻ തൃശൂർ അതിരൂപത. ഇതിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കൽ കാമ്പയിൻ പ്രഖ്യാപിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ പ്രവർത്തനങ്ങളിലേക്കിറങ്ങാൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി ആഹ്വാനം ചെയ്തു. സി.ബി.സി.ഐ പ്രസിഡന്റും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ ഇടവകകളിൽ വായിച്ചു.
സെപ്റ്റംബർ 10, 17 തീയതികളിൽ എല്ലാ ഇടവകകളിലും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും വെല്ലുവിളി നേരിടുന്നത് ആശങ്കയുണ്ടാക്കുന്നെന്ന് സർക്കുലർ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളിലും ദലിത് വിഭാഗങ്ങളിലും കടുത്ത അരക്ഷിതത്വബോധമുണ്ട്.
തെരഞ്ഞെടുപ്പുകളെ നിസ്സാരവത്കരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്നതും ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല. പലരുടെയും പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കാത്തതിനാൽ വോട്ടവകാശം ശരിയാംവിധം ഉപയോഗിക്കാൻ സാധിക്കാതെ പോകുന്നുണ്ടെന്നും അതിരൂപത ഓർമിപ്പിക്കുന്നു.
ഇതാദ്യമായാണ് സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിറങ്ങാൻ ആഹ്വാനം ചെയ്തുള്ള സർക്കുലർ പുറപ്പെടുവിക്കുന്നത്. 2019ൽ ടി.എൻ. പ്രതാപൻ തൃശൂരിൽ 96,633 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സഭക്ക് ഇവിടെ 21 ശതമാനം വോട്ടുണ്ട്. മൂന്നര ലക്ഷത്തോളം വോട്ട് ക്രൈസ്തവ വിഭാഗത്തിന്റേതാണ്. നിർണായകമാണ് ഈ വോട്ട്.
സുരേഷ്ഗോപിയിലൂടെ വിജയസാധ്യത മണ്ഡലമായി ബി.ജെ.പി വിലയിരുത്തുന്ന, ഉരുക്കുകോട്ടയെന്ന് കോൺഗ്രസ് കരുതുന്ന, ആരോടും സ്ഥിരമായി ചേർത്തുനിർത്താറില്ലെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷം പറയുന്ന തൃശൂരിൽ കത്തോലിക്കാസഭയുടെ പുതിയ നീക്കം മുന്നണികളെ സമ്മർദത്തിലും ആശങ്കയിലുമാക്കുന്നതാണ്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂരിൽ സഭയുടെ നീക്കം ഏത് നിലയിലാവുമെന്നതിൽ വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.