തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്ന സാഹചര്യത്തിൽ നിയമസഭ സമ്മേളനം വിളിക്കുന്നതിൽ മന്ത്രിസഭ യോഗം തീരുമാനമെടുത്തില്ല. ഓർഡിനൻസിന് അംഗീകാരം കിട്ടാതെ നിയമസഭ വിളിക്കുന്നതിലെ നിയമപ്രശ്നങ്ങൾ പരിഗണിച്ചാണിത്. സഭ വിളിച്ചുകഴിഞ്ഞാൽ ഓർഡിനൻസ് ഇറക്കാനാകില്ല.
ഫെബ്രുവരി 18 മുതൽ ബജറ്റ് സമ്മേളനം വിളിക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. ഗവർണറുടെ നയപ്രഖ്യാപനത്തോടെ സഭ ചേരാനും മാർച്ചിൽ ബജറ്റ് അവതരിപ്പിക്കാനുമായിരുന്നു പരിപാടി. സി.പി.എം സംസ്ഥാന സമ്മേളനം, പാർട്ടി കോൺഗ്രസ് എന്നിവകൂടി പരിഗണിച്ചാണ് സഭ സമ്മേളന തീയതികൾ ആലോചിച്ചത്. ബജറ്റ് ഇക്കുറി സാമ്പത്തിക വർഷത്തിന് മുമ്പേ സമ്പൂർണമായി പാസാക്കില്ല. വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിരിഞ്ഞശേഷം പിന്നീട് സഭ ചേർന്ന് വകുപ്പ് തിരിച്ച് ചർച്ച ചെയ്ത് പാസാക്കാനാണ് ആലോചിച്ചത്. ഓർഡിനൻസിൽ ഗവർണർ അനുകൂല തീരുമാനമെടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
രണ്ട് ദിവസത്തിനകം ഇതുണ്ടാകുമെന്ന് കരുതുന്നു. ഗവർണർ ആവശ്യപ്പെട്ട വിവരങ്ങളിൽ വിശദ മറുപടി കഴിഞ്ഞ ദിവസം സർക്കാർ നൽകിയിരുന്നു. ഞായറാഴ്ച പുലർച്ച ദുബൈയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തും. അതിന് മുമ്പ് ഗവർണർ ഓർഡിനൻസ് അംഗീകരിച്ചാൽ തിങ്കളാഴ്ച തന്നെ മന്ത്രിസഭ ചേർന്ന് നിയമസഭ വിളിക്കാൻ ശിപാർശ നൽകും. ഗവർണർ ഒപ്പിടാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കിൽ വീണ്ടും തിരിച്ചയക്കുകയോ നിയമസഭയിൽ ബില്ലായി കൊണ്ടുവരികയോ വേണ്ടിവരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.