പുനലൂർ: സ്റ്റാൻഡിൽ ബസ് കാത്ത് മടുത്തു. ഒടുവിൽ കെ.എസ്.ആർ.ടി ബസ് ‘അടിച്ചുമാറ്റി’ വീട്ടിലേക്കുപോയ യുവാവിനെ പുനലൂർ പൊലീസ് പിടികൂടി. ലോറി ഡ്രൈവറായ ഉറുകുന്ന് ആര്യഭവനിൽ ബിനീഷ് കുമാറാണ് (23) പിടിയിലായത്.
വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം. യുവാവ് ഉറുകുന്നിലെ വീട്ടിലേക്ക് പോകാൻ രാത്രി പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി. ഏറെനേരം കാത്തുനിന്നിട്ടും ബസ് കിട്ടാതായതോടെ ഡിപ്പോക്ക് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ട ഓർഡിനറി ബസ് ഓടിച്ച് ഉറുകുന്നിലേക്ക് പോവുകയായിരുന്നു. പുനലൂരിൽനിന്ന് കോക്കാട് വഴി തിരുവനന്തപുരത്തേക്കുള്ള ആർ.എ.എ 121 നമ്പർ വേണാട് ബസാണ് യുവാവ് തട്ടിയെടുത്തത്. രാവിലത്തെ സർവിസിനായി ദേശീയപാതയോരത്ത് ഒതുക്കിയിട്ടിരിക്കുകയായിരുന്നു ബസ്. ഈ ഭാഗത്ത് വെളിച്ചക്കുറവും ആളുകളില്ലാതിരുന്നതും കാരണം ബസ് കടത്തൽ ആരുടെയും ശ്രദ്ധയിൽപെട്ടില്ല.
യുവാവ് ടി.ബി ജങ്ഷനിലേക്ക് ബസ് ഓടിച്ചുവരുമ്പോൾ ഹൈവേ പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഹെഡ്ലൈറ്റ് ഇല്ലാതെ വന്ന ബസ് സംശയത്തെ തുടർന്ന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല. ബസ് വഴിമാറി ഐക്കരക്കോണം റോഡിലേക്ക് ഓടിച്ചുപോയി. കുറച്ചു മുന്നോട്ടുപോയശേഷം ബസ് നിർത്തി പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ പൊലീസ് പിടികൂടി. ബസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷൻ മാസ്റ്ററുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.