മൂന്നാര്‍: പാട്ടക്കരാര്‍ ലംഘിച്ച് മൂന്നാറില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോം സ്റ്റേ റവന്യൂ വകുപ്പ് ഏറ്റെടുത്തു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന ലവ് ഡെയില്‍ കോട്ടേജാണ് റവന്യൂ സംഘം ഞായറാഴ്ച രാവിലെ ഏറ്റെടുത്തത്. പാട്ടക്കരാര്‍ ലംഘിച്ചെന്ന് കണ്ട് 2006ലാണ് കോട്ടേജ് ഏറ്റെടുക്കാൻ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.
ആറുമാസം മുമ്പ് മുന്‍ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ നേതൃത്വത്തില്‍ കെട്ടിടം സീല്‍വെച്ചെങ്കിലും കോടതിയുടെ നിര്‍ദേശപ്രകാരം കെട്ടിടം തുറന്നുകൊടുത്തു.
കോടതി അനുവദിച്ച സാവകാശം മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് കെട്ടിടം വീണ്ടും റവന്യൂ വകുപ്പ് ഏറ്റെടുത്തത്. ഇവടെ വില്ലേജ് ഒാഫിസിെൻറ ബോർഡും സ്ഥാപിച്ചു. ഹോം സ്റ്റേ ഏറ്റെടുത്തതിനെതിരെ സി.പി.എമ്മും കോൺഗ്രസും ഒരുമിച്ച് മുമ്പ് രംഗത്തെത്തിയത് വിവാദമായിരുന്നു.
ഞയറാഴ്ച രാവിലെ 7.30ഒാടെ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി, വില്ലേജ് ഓഫിസര്‍ ഫിലിപ് എന്നിവരുടെ നേതൃത്വത്തിലെ റവന്യൂ സംഘം സ്ഥലത്തെത്തി കെട്ടിടം പൂട്ടുകയായിരുന്നു. മൂന്നാറില്‍ വില്ലേജ് ഓഫിസിനായി രണ്ടുവര്‍ഷം മുമ്പ് കണ്ടെത്തിയ കെട്ടിടമാണ് ലവ് െഡയില്. പാട്ടക്കരാര്‍ പൂര്‍ത്തിയായതോടെ ഭൂമിയും കെട്ടിടവും കെട്ടിടം ഉടമ സര്‍ക്കാറിന് വിട്ടുനല്‍കിയ പശ്ചാത്തലത്തിലായിരുന്നു ഇത്.
എന്നാൽ, ഇൗ ഭൂമി വിലയ്ക്ക് വാങ്ങിയിരുന്നതായി മൂന്നാറിലെ പ്രമുഖ വ്യാപാരി സര്‍ക്കാറിനെ അറിയിക്കുകയും അവകാശം സ്ഥാപിച്ചുകിട്ടാൻ കോടതിയെ സമീപിക്കുകയുമായിരുന്നു.
മുന്‍ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ, രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടർന്നാണ് നിയമപരമായ നടപടിക്രമം പൂർത്തിയാക്കി ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.