പ്രണയ വിവാഹം: മകൾക്ക് രക്ഷിതാക്കളുടെ പണത്തിന് അർഹതയില്ലെന്ന്​ കോടതി

ഇരിങ്ങാലക്കുട: വീട്ടുകാരറിയാതെ പ്രണയിച്ച്​ വിവാഹിതയായ മകൾക്ക് രക്ഷിതാക്കളിൽനിന്ന് വിവാഹ ചെലവിനോ മറ്റ്​ ചെലവുകൾക്കോ പണം ആവശ്യപ്പെടാൻ അർഹതയില്ലെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതി. പാലക്കാട് വടവന്നൂർ സ്വദേശി ശെൽവദാസിന്റെ മകൾ നിവേദിത നൽകിയ ഹരജിയാണ് കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാർ തള്ളിയത്.

അച്ഛൻ തനിക്ക് വിവാഹ ചെലവിന് പണം നൽകിയില്ലെന്ന് കാട്ടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. വിവാഹ ചെലവിലേക്ക്​ 35 ലക്ഷം രൂപയും വ്യവഹാര ചെലവിനത്തിൽ 35,000 രൂപയും ലഭിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. 2010 മുതൽ പിതാവ് തനിക്കും അമ്മക്കും ചെലവിന് നൽകാതെ ക്രൂരത കാണിക്കുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഹരജി വിശദമായി പരിശോധിച്ച കുടുംബ കോടതി ഇരുവരുടെയും വാദം കേട്ടു. നിവേദിതയുടെ ആരോപണങ്ങൾ തെറ്റാണെന്ന് ശെൽവദാസ് കോടതിയെ അറിയിച്ചു. മകളെ ബി.ഡി.എസ് വരെ പഠിപ്പിച്ചു. 2013 ഡിസംബർ വരെ ചെലവിന് നൽകിയിരുന്നു. വിവാഹം കഴിച്ചതുതന്നെ അറിയിക്കാതെയാണെന്നും അതിനാൽ ചെലവിനത്തിൽ പണം നൽകാനാകില്ലെന്നും ശെൽവദാസ്​ വാദിച്ചു. തന്റെ കൈയിൽനിന്ന് വിവാഹ ചെലവ് വാങ്ങാൻ മകൾക്ക് അർഹതയില്ലെന്ന ശെൽവദാസിന്റെ വാദം അംഗീകരിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.

Tags:    
News Summary - Love marriage: Court says daughter is not entitled to parents' money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.