പാലക്കാട്: വൈദ്യുതി പ്രതിസന്ധിക്ക് മുട്ടുശാന്തിയായി വോൾട്ടേജ് കുറച്ച് കെ.എസ്.ഇ.ബി. സബ്സ്റ്റേഷനുകളിലെ ട്രാൻസ്ഫോർമറുകളിലെ വോൾട്ടേജ് ടാപ്പിങ് കുറച്ചും കപ്പാസിറ്ററുകൾ ഓഫാക്കിയുമാണ് വോൾട്ടേജ് കുറക്കുന്നത്. വോൾട്ടേജ് 10 ശതമാനം കുറക്കുമ്പോൾ വൈദ്യുതി ഉപഭോഗത്തിൽ 20 -30 ശതമാനത്തോളം കുറവുണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ട്രാൻസ്ഫോർമറുകളിൽ ലോഡ് കൂടി വിതരണ -ഉപഭോഗ അനുപാതം പാലിക്കാൻ കഴിയാതെവന്നാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടതുണ്ട്.
എന്നാൽ, തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ലോഡ് ഷെഡിങ്ങിന് നിർദേശം നൽകാൻ രാഷ്ട്രീയ നേതൃത്വം മടിക്കുന്നതിനാലാണ് വോൾട്ടേജ് കുറച്ച് കെ.എസ്.ഇ.ബി മുട്ടുശാന്തി കണ്ടെത്തുന്നത്. 240 വോൾട്ടാണ് ഉപഭോക്താവിന്റെ അവകാശം. വോൾട്ടേജ് കുറയുമ്പോൾ ഫാനുകളുടെ സ്പീഡ് കുറയുന്നുണ്ട്. ഫാനുകളും മറ്റ് ഉപകരണങ്ങളും കേടുവരാനും സാധ്യതയുണ്ട്. ഇത് ഉപഭോക്താക്കളുടെ പരാതിക്കിടയാക്കുന്നു. എൽ.ഇ.ഡി വിളക്കുകൾ കുറഞ്ഞ വോൾട്ടേജിലും പ്രവർത്തിക്കുന്നതിനാൽ ഇവയുടെ വെളിച്ചത്തിൽ കുറവ് ഉണ്ടാവുകയുമില്ല.
ഫാനുകളുടെ വേഗം കുറയുന്നതും എ.സികൾ പ്രവർത്തിക്കാത്തതും ചൂണ്ടിക്കാട്ടി ഉപഭോക്താക്കൾ സെക്ഷൻ ഓഫിസിലെത്തി പരാതിപ്പെടുന്നതും വാക്കേറ്റമുണ്ടാകുന്നതും പതിവായിട്ടുണ്ട്. അധിക ലോഡ് കാരണം ട്രാൻസ്ഫോർമറുകളുടെ ഫ്യൂസുകൾ കത്തിപ്പോയി വൈദ്യുതി മുടക്കവും ഉണ്ടാകുന്നുണ്ട്. മണിക്കൂറുകളോളമോ ദിവസം മുഴുവനായോ കുറഞ്ഞ വോൾട്ടേജ് ലഭിക്കുന്നതിനെക്കാൾ നല്ലത് അര മണിക്കൂർ ലോഡ് ഷെഡിങ്ങാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്.
വോൾട്ടേജിൽ പരമാവധി ആറ് ശതമാനം കുറവ് വരുത്താൻ മാത്രമേ കെ.എസ്.ഇ.ബിക്ക് നിയമപരമായി അധികാരമുള്ളൂ. എന്നാൽ, 38 ശതമാനത്തോളം (150 വോൾട്ടിന് താഴെ വരെ) വോൾട്ടേജ് കുത്തനെ കുറയുന്ന അവസ്ഥയുണ്ട്.
തിരുവനന്തപുരം: വൈദ്യുത വാഹന ചാർജിങ് രാത്രി 12നു ശേഷമോ പകൽ സമയത്തോ ക്രമീകരിക്കമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാഹനങ്ങൾ (ഇ.വി) ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി വേണ്ടിവരുന്നു. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിൽ. വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമുണ്ടാകുന്നു. പീക്ക് സമയത്ത ചാർജിങ് ഒഴിവാക്കുന്നത് വാഹനബാറ്ററിയുടെ ദീർഘകാല കാര്യക്ഷമതക്കും ഗുണകരമായിരിക്കും.
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ. കഴിഞ്ഞ ദിവസത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂനിറ്റ് എത്തി. പീക്ക് ടൈമിലെ ആവശ്യകതയും റെക്കോഡിലാണ്. 5364 മെഗാവാട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.