എൽ.എസ്.എസ് സ്കോളർഷിപ്പ് : വിതരണം ചെയ്യാതെ അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നുവെന്ന് റിപ്പോർട്ട്

കോഴിക്കോട് : വിദ്യാർഥികൾക്ക് നൽകേണ്ട എൽ.എസ്.എസ് സ്കോളർഷിപ്പ് വിതരണം ചെയ്യാതെ അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നു വെന്ന് ധനകാര്യ റിപ്പോർട്ട്. നാലാം ക്ലാസുകാർക്കുള്ള എൽ.എസ്.എസ്. പരീക്ഷാ വിജയികൾക്ക് മൂന്നുവർഷം ആയിരം രൂപ വീതം നൽകുന്ന സ്റ്റോളഷിപ്പ് തുകയാണ് വിദ്യാർഥികൾക്ക് സമയബന്ധിതമായി വിതരണം ചെയ്തിട്ടില്ലെന്ന് പെരിന്തൽമണ്ണ ട്രഷറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് വിദ്യാർഥികളുടെ സ്കോളർഷിപ്പ് വൈകാൻ കാരണമായത്.

2022 -2023 വർഷത്തിൽ എൽ.എസ്.എസ് സ്കോളർഷിപ്പ് ഇനത്തിൽ കൂട്ടികൾക്ക് നൽകാനുള്ള തുക പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്നും അന്തിമ ഗുണഭോക്താവായ സ്കോളർഷിപ്പ് ജേതാക്കൾക്ക് നൽകാതെ വിവിധ സ്കൂളുകളുടെ ട്രഷറി അക്കൗണ്ടിലേക്ക് നൽകിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. മികച്ച വിദ്യാർഥികളുടെ പഠന ആവശ്യത്തിന് വേണ്ടിയാണ് തുക സർക്കാർ അനുവദിക്കുന്നത്. ഉദ്യോഗസ്ഥ അനാസ്ഥ കാരണം വിദ്യാർഥികൾക്ക് സമയബന്ധിതമായി തുക വിതരണം ചെയ്യാനായില്ല.

ഇത്തരത്തിൽ നൽകിയ തുകയിൽ പൂവത്താണി എ.എം.യു.പി സ്കൂളിൻറെ അക്കൗണ്ടിലേക്ക് 2023 മാർച്ച് 30ന് അനുവദിച്ച 39,000രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽനിന്നും ഇതു സംബന്ധിച്ച വിശദീകരണം തേടി. ഈ തുക കട്ടികളുടെ അക്കൗണ്ടിലേക്ക് നൽകുന്നതിനുള്ള നടപടികൾ 2023 നവംമ്പർ 28ന് ആരംഭിച്ചുവെന്നായിരുന്നു എ.ഇ.ഒയുടെ മറുപടി.

പൂവത്താണി എ.എം.യു.പി സ്കൂളിൽ 2023 ജൂൺ മാസത്തിലാണ് പ്രധാനാധ്യാപകനായി ചാർജ് എടുത്തതെന്നും, കുറച്ച് കഴിഞ്ഞാണ് അക്കൗണ്ടിലുള്ള ഫണ്ടിൻറെ വിവരം അറിയാൻ കഴിഞ്ഞതെന്നും ആദ്യം മറുപടി നൽകി. എല്ലാ കുട്ടികളുടെയും അക്കൗണ്ട് നമ്പർ ലഭ്യമല്ലാത്തിനാലാണ് എൽ.എസ്.എസ് സ്കോളർഷിപ്പ് ഇനത്തിലുള്ള തുക കട്ടികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാത്തതിന് കാരണമായി പ്രധാനാധ്യാപകൻ ചൂണ്ടിക്കാണിച്ചത്.

തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യുന്നതിൽ കാലതാമസം നേരിട്ടത് മാപ്പാക്കിത്തരണമെന്നും പ്രധാനാധ്യാപകൻ അപേക്ഷിച്ചു. ട്രഷറി ബിൽ വഴി പിൻവലിക്കുന്ന തുക അന്തിമ ഗുണഭോക്താവിൻറെ അക്കൗണ്ടിലേക്ക് നൽകണമെന്ന സർക്കാർ നിർദേശം പാലിച്ചിരുന്നെങ്കിൽ 2023 മാർച്ച് 30 ന് സ്കോളർഷിപ്പ് വിജയികൾക്ക് നൽകമായിരുന്നു. ഈ തുക വിതരണം ചെയ്യാൻ എട്ടു മാസം കാലതാമസം നേരിട്ടുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധനകാര്യ വിഭാഗത്തിൻറെ പരിശോധനയെത്തുടർന്നാണ് എട്ടു മാസങ്ങൾക്കു ശേഷം വിദ്യാർഥികൾക്ക് തുക ലഭ്യമാക്കിയത്.

വിദ്യാർഥികളിൽ നിന്നും അക്കൗണ്ട് നമ്പറുകൾ ശേഖരിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് മതിയായ സമയം ലഭിച്ചിട്ടും ഉദ്യോ ഗസ്ഥർ സ്കോളർഷിപ്പുകൾ പോലെയുള്ള തുകകൾ സമയബന്ധിതമായി വിദ്യാർഥികൾക്ക് കൈമാറാത്തത് ഗൗരവമായി കാണണം. ഈ സാഹചര്യത്തിൽ വിവിധ സ്കോളർഷിപ്പ് ഇനത്തിൽ അനുവദിക്കുന്ന അന്തിമഗുണഭോക്താവായ വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്ക് മാത്രം നൽകുന്നതിനുള്ള കർശന നിർദേശം സംസ്ഥാനത്തെ എ.ഇ.ഒ-ഡി.ഇ.ഒ മാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കാലങ്ങളായി കുടിശ്ശികയായി കിടക്കുന്ന എൽ.എസ്.എസ്. സ്കോളർഷിപ്പിൽ സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൈവശം കണക്കില്ലെന്ന ആക്ഷപം നേരത്തെ ഉയർന്നിരുന്നു. അർഹരായവർ ആരൊക്കെ, എത്ര തുക കൊടുക്കാനുണ്ട്, നൽകിയത് ആർക്കൊക്കെ തുടങ്ങിയ വിവരങ്ങൾ അവ്യക്തതമാണെന്നും ആരോപണം ശരിവെക്കുകയാണ് ധനകാര്യ പരിശോധന റിപ്പോർട്ട്.

Tags:    
News Summary - LSS Stoleship : Report kept in accounts without disbursement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.