പാലക്കാട്: കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ ലോകോത്തര ഷോപ്പിങ് വാതിൽ പാലക്കാട്ടും തുറന്ന് ലുലു ഗ്രൂപ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ് വിസ്മയവുമായി, ദേശീയപാതയോട് ചേർന്ന് കണ്ണാടിയിലാണ് പുതിയ ലുലുമാൾ.
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത എം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി എം.എ ഉദ്ഘാടനം ചെയ്തു. ശിലാഫലകം ഷാഫി പറമ്പിൽ എം.എൽ.എ അനാച്ഛാദനം ചെയ്തു. പാലക്കാട് സ്വദേശികൾക്ക് പുതിയ തൊഴിലവസരവും കാർഷികമേഖലക്ക് ഉണർവുമാണ് ലുലു സമ്മാനിക്കുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 1400 പേർക്കാണ് തൊഴിലവസരം ഉറപ്പാക്കിയിരിക്കുന്നത്, ഇതിൽ 70 ശതമാനം പേരും പാലക്കാട് നിന്നുള്ളവരാണ്.
എൻ.ആർ.ഐ നിക്ഷേപങ്ങളെ ആഭ്യന്തരനിക്ഷേപമായിത്തന്നെ കണ്ട് പിന്തുണക്കാനുള്ള സർക്കാർ തീരുമാനമാണ് ഈ വലിയ നിക്ഷേപങ്ങൾക്ക് വഴിതുറന്നതെന്നും എം.എ. യൂസുഫലി വ്യക്തമാക്കി. കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലും പുതിയ മാളുകളും ഹൈപർമാർക്കറ്റുകളും ഉടൻ തുറക്കും. രാജ്യത്തെ ലുലുവിന്റെ പത്താമത്തെ കേന്ദ്രമാണിത്.
ലോകോത്തര ഷോപ്പിങ്ങിന്റെ നവീന അനുഭവം നൽകി രണ്ടുലക്ഷം സ്ക്വയർ ഫീറ്റിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ലുലുമാൾ. രണ്ട് നിലയുള്ള മാളിൽ, ഒരു ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപർ മാർക്കറ്റ് തന്നെയാണ് ഏറ്റവും ആകർഷണം. അഞ്ഞൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യവുമുണ്ട്. ലുലു ഗ്രൂപ് ഡയറക്ടർമാരായ സലിം എം.എ, മുഹമ്മദ് അൽത്താഫ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ നിഷാദ് എം.എ, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷ്റഫ്, ലുലു ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ് സി.എഫ്.ഒ സതീഷ് കുറുപ്പത്ത്, ലുലു ഇന്ത്യ ഷോപ്പിങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്സ് തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.