കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് സ്വാഗത ഗീതമൊരുക്കി സാഹിത്യ നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി. നവതി പിന്നിട്ട ലീലാവതി തൃക്കാക്കര എം.എൽ.എ ഉമ തോമസിന് അഞ്ച് മിനിറ്റിലാണ് ഗീതം എഴുതി നൽകിയത്. ഗാനം ശ്രവിച്ച പ്രിയങ്ക ഗാന്ധി നന്ദി അറിയിച്ചു കൊണ്ട് ലീലാവതിക്ക് കത്തെഴുതി.
നിങ്ങളെഴുതിയ മനോഹര ഗാനം ഞാൻ കേട്ടുവെന്നും ഇതെന്‍റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നുവെന്നും വിലമതിക്കാനാവാത്ത ഈ സമ്മാനത്തിന് നന്ദിയുണ്ടെന്നും കരുത്തിന്‍റെയും നന്ദിയുടെയും പ്രതീകമായി ഞാനിതു സൂക്ഷിക്കുമെന്നും പ്രിയങ്ക ഗാന്ധി കത്തിൽ പറഞ്ഞു.
ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ പൂജാ സ്റ്റുഡിയോ ഉടമ ആന്‍റണിയുടെയും പയ്യന്നൂർ മുരളിയുടെയും സഹകരണത്തോടെ കേരളപുരം ശ്രീകുമാർ ചിട്ടപെടുത്തി ആലാപനം നിർവഹിച്ച് ഓഡിയോ രൂപത്തിൽ പുറത്തിറക്കിയത്.
'ഭാരതത്തിന് ധീരപുത്രി കേരളത്തിൻ ദത്ത് പുത്രി ധീരനേത്രി പ്രിയങ്കരി' എന്ന് തുടങ്ങുന്ന ഗാനം ഇതിനകം തന്നെ ഹിറ്റായിട്ടുണ്ട്. ഉമ തോമസ് തൃക്കാക്കരയിലെ ലീലാവതി ടീച്ചറുടെ വീട്ടിലെത്തി ഗാനത്തിന്‍റെ ഓഡിയോ പതിപ്പ് നൽകി പ്രകാശനം നടത്തി.
ഇന്ത്യയുടെ വിജയത്തിനായി വയനാടിന്‍റെ പ്രിയങ്കരിയായ പ്രിയങ്ക വലിയ വിജയം നേടുമെന്ന് ലീലാവതി ടീച്ചർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.