ഗുരുവായൂർ: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മോദി സർക്കാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളന ഭാഗമായി ‘ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് കാണുന്ന വിധത്തിൽ രാജ്യം നിലനിൽക്കുമോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മിത്തുകളെ ശാസ്ത്ര സത്യമാക്കി പാഠപുസ്തകത്തിൽ തിരുകിക്കയറ്റുന്നതിനെ എതിർത്ത സ്പീക്കറുടെ പ്രസംഗം വികലമാക്കി അവതരിപ്പിക്കാൻ ഗൂഢ ശ്രമം നടന്നു. ഷംസീർ സ്വന്തം മതത്തിലെ മിത്തുകളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നു വരെ പറഞ്ഞവരുണ്ട്. ഇസ്‍ലാമിലെയും ക്രിസ്തുമതത്തിലെയും മിത്തുകൾ പാഠപുസ്തകത്തിലേക്കെത്തുന്ന സാഹചര്യം വന്നാൽ അതിനെയും എതിർക്കുമെന്ന് സ്വരാജ് പറഞ്ഞു.
മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ. മുരളി അധ്യക്ഷത വഹിച്ചു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ വിഷയാവതരണം നടത്തി. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, സി.പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡന്റ് എ.കെ. പത്മനാഭൻ, സെക്രട്ടറി കെ.ടി. അനിൽകുമാർ, ട്രഷറർ പി. പരമേശ്വരൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ്. മനോജ്, സ്മിത സുനിൽ, പി. ശ്രീകുമാർ, ടി. തുളസിദാസ്, വി. രാജേഷ് ബാബു എന്നിവർ സംസാരിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതിന് ടൗൺ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.