കോവിഡിനു മുേമ്പ സാമൂഹിക അകലം ശീലമാക്കിയ ചിലരുണ്ട്. മഹാമാരി മറികടക്കാനല്ല, മറിച്ച് ജാതിയുടെ പേരിലാണിത്. മേൽജാതിക്കാരൻ എതിർവശം വരുന്നുണ്ടെങ്കിൽ അൽപമൊന്ന് മാറി നടക്കുന്നതാണ് ശീലം. താഴ്ന്ന ജാതിക്കാരന് ജോലിയും കൂലിയുമൊക്കെ മേലാളെൻറ പറമ്പുകളിൽ. എന്നാൽ, എല്ലാറ്റിനും ഒരകലം നിർബന്ധം. വീട്ടിലേക്ക് കയറിപ്പോകരുത്. ഭക്ഷണ കാര്യം പിന്നെ പറയേണ്ടതുമില്ല. വേറെ പന്തി. അതും കുറച്ചകലെ. മേൽജാതിക്കാരന് വഴിമാറി നൽകിയില്ലെങ്കിൽ പഴയപോലെ ആട്ടും തുപ്പുമൊന്നുമില്ല. എന്നാൽ, ജാതിചിന്തയും തൊട്ടുകൂടായ്മയും അതിലപ്പുറമാണ്. ക്ഷേത്രങ്ങളിൽ ഈ വേർതിരിവിന് കൃത്യമായ അതിർവരമ്പുകളുണ്ട്. അയിത്തമെല്ലാം മാറിയെന്ന് പാഠപുസ്തകങ്ങളിൽ വായിച്ചുപഠിച്ചത് മറക്കാം. സമ്പൂർണ സാക്ഷരതയുള്ള കേരളത്തിെൻറ വടക്കേയറ്റത്ത് കാസർകോട് ജില്ലയിലെ അതിർത്തിഗ്രാമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും അയിത്തം ഇന്നുമുണ്ട്. ജാതിയാണ്, വോട്ടുബാങ്കാണ് അതിനാൽ രാഷ്ട്രീയപാർട്ടികൾ തരംപോലെ കളിക്കും. അതുകൊണ്ടുതന്നെ ഈ ദുരാചാരം ഒരല്ലലുമില്ലാതെ സുന്ദരമായി തുടരുന്നു. അതിർത്തിയിലെ അയിത്തവഴികളിലൂടെ 'മാധ്യമം' നടത്തുന്ന സഞ്ചാരം ഇന്നുമുതൽ....
'കണ്ടും കേട്ടുമൊക്കെയുള്ള പരിചയമുണ്ട്. അകലം പാലിച്ച് വല്ലപ്പോഴും സംസാരിക്കാറുമുണ്ട്. പറമ്പിൽ പണിയെടുക്കാറുമുണ്ട്. ചിലരെങ്കിലും അയൽവാസികളുമാണ്. എന്നിട്ടെന്താ. മരിച്ചാൽ പോലും അവിടേക്ക് പോവാൻ പറ്റില്ല.
കല്യാണത്തിന് അവർ ഞങ്ങളെ ക്ഷണിക്കാറുമില്ല. അപൂർവം ചിലർ ക്ഷണിക്കും. പണ്ട് ക്ഷണം സ്വീകരിച്ചു പോയിട്ടുണ്ട്. പക്ഷേ, ഞങ്ങൾക്ക് വേറെ ഭക്ഷണയിടം. അതും അവരുടേത് കഴിഞ്ഞശേഷം. ഇത് തിരിച്ചറിഞ്ഞശേഷം വിളിച്ചാലും പോവാറില്ല. വരാത്തതിൽ അവർക്ക് പരിഭവവുമില്ല. മുമ്പ് മൃതദേഹം ദഹിപ്പിക്കാൻ ഞങ്ങളുടെ പൂർവികർ പോയിട്ടുണ്ട്. ഇപ്പോ അതിനും അവരുടെ ഇടയിൽ ആളുണ്ട്. പറമ്പിൽ പണിക്കുപോയാൽ വീട്ടിൽ കയറാൻ പാടില്ല...പറയുകയാണെങ്കിൽ ഇങ്ങനെ കുറേയുണ്ട്. ഞങ്ങൾക്കത് ശീലമായി പോയി'
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന് യുവാക്കൾ വാചാലരാകാൻ തുടങ്ങി. ആരേലും ആ വഴിക്ക് വരുന്നുവെന്ന് കണ്ടാൽ ഇവർ മൗനത്തിലാകും. കാത്തിരിപ്പുകേന്ദ്രത്തിലേക്ക് വരുന്നവർ മേൽജാതിക്കാരനല്ലെന്ന് ഉറപ്പുവരുത്തിയശേഷം സംസാരം തുടരും. പേര് ചോദിച്ചപ്പോ പരസ്പരം നോക്കുന്നു. പേരൊന്നും എവിടെയും പറയേണ്ടന്നവർ. തുളു സംസാരിക്കുന്ന ഇവർ മലയാളത്തിൽ പറഞ്ഞൊപ്പിക്കുന്ന കാര്യങ്ങളുടെ ചുരുക്കമാണിത്.
കാസർകോട് നഗരത്തിൽനിന്ന് ഏകദേശം 32 കിലോമീറ്റർ അകലെ എൻമകജെ പഞ്ചായത്തിലെ പെർള-സ്വർഗ-പുത്തൂർ റോഡിലെ ബദിയാറുവിലാലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലിരുന്നാണ് ഇവർ ജീവിതം പറയുന്നത്. മലയാളി തലകുനിക്കേണ്ട അയിത്തത്തിെൻറ നേർസാക്ഷ്യം. ജന്മികാല സമാനമാണ് ഇന്നും. അടിയനും യജമാനനും എന്ന സങ്കൽപമില്ലെന്നേയുള്ളൂ. ചിന്തകൾ നാടുവാഴികളുടേതിന് സമാനം.
തൊട്ടുകൂടായ്മ ക്രിമിനൽ കുറ്റമാക്കിയ ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്ന നാട്ടിലാണ് ഇന്നും ദുരാചാരം നടമാടുന്നത്. തങ്ങളുടെ ചൊൽപ്പടിക്കു നിർത്താൻ മേൽജാതിക്കാർ സ്ഥിരം ഉപയോഗിക്കുന്ന 'ദൈവകോപ'ത്തിെൻറ സ്വാധീനം കീഴ്ജാതിക്കാരുടെ വീടുകളിലുമുണ്ടെന്നതാണ് ആശ്ചര്യകരം. മറുത്ത് എന്തെങ്കിലും പറയാൻ തുടങ്ങിയാൽ കുടുംബത്തിലുള്ളവർ തന്നെ ദൈവകോപം പറഞ്ഞ് പുരുഷന്മാരെ പിന്തിരിപ്പിക്കും.
മഞ്ചേശ്വരം താലൂക്കിലെ അതിർത്തി ഗ്രാമങ്ങളിൽ പലയിടത്തും ജാതി വിവേചനം നിലനിൽക്കുന്നു. ക്ഷേത്രങ്ങളിൽ ഇതു പ്രകടമാണ്. ശീലമായി മാറിയതിനാൽ കീഴ്ജാതിക്കാർക്ക് പരിഭവം കുറവ്. ബ്രാഹ്മണരാണ് മേൽജാതിക്കാർ. പതിറ്റാണ്ടുകൾക്ക് മുമ്പ് മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ബ്രാഹ്മണരുടെ പൂർവികർ. അതിനാൽ മറാട്ടി ബ്രാഹ്മണർ, കന്നട ബ്രാഹ്മണർ തുടങ്ങിയ പേരുകളിലും ഇവർ അറിയപ്പെടുന്നു. എൻമകജെയിലേതിനു പുറമെ, മംഗൽപാടി, വോർക്കാടി തുടങ്ങിയ പഞ്ചായത്തുകളിലും ജാതിവിവേചനമുണ്ട്.
എൻമകജെ പഞ്ചായത്തിലെ പദ്രെ വില്ലേജിലെ സ്വർഗയിൽ തൊട്ടുകൂടായ്മ മറനീക്കിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാക്ഷരതയിൽ സംസ്ഥാന ശരാശരിയേക്കാൾ പിന്നിലാണ് ഇവിടം- 84.6 ശതമാനം. തുളു, കന്നട, മറാഠി, കൊങ്കിണി ഭാഷകളാണ് പ്രധാനം. മലയാളം പേരിനുപോലുമില്ല. വില്ലേജിലെ ബദിയാറു ഗ്രാമത്തിൽ ബ്രാഹ്മണ കുടുംബങ്ങൾക്ക് നല്ല മേധാവിത്വമുണ്ട്.
ബ്രാഹ്മണ വിഭാഗത്തിലുള്ള പ്രധാന വരുമാനം കൃഷിയാണ്. ഭൂവുടമകളും ഇവർ തന്നെ. സാമ്പത്തികമായും ഇവരാണ് സമൂഹത്തിൽ മുന്നിൽ. മൊഗർ, ഭൈര, മയില, കൊറഗ തുടങ്ങിയ പട്ടികജാതി-വർഗ വിഭാഗത്തിലുള്ളവരാണ് മേൽജാതിക്കാരുടെ തോട്ടങ്ങളിൽ പണിയെടുക്കുന്നത്. പെയ്ൻറിങ് പോലുള്ള വീട്ടിനകത്തെ ജോലിക്ക് ഒരിക്കലും താഴ്ജാതിക്കാരെ വിളിക്കില്ല. വീട്ടിനകത്ത് കയറുന്ന ഇത്തരം ജോലിക്ക് സ്വസമുദായത്തിൽനിന്ന് ആളെ കണ്ടെത്തും.
രാവിലെ എട്ടരക്ക് പറമ്പിലെത്തുന്നവരുടെ തൊഴിൽ വൈകീട്ട് അഞ്ചര വരെ. കേരളത്തിൽ കൂലി കൂടിയപ്പോഴും ഇവർക്ക് 300മുതൽ 500രൂപയാണ് കിട്ടുക. പണിക്കു വരുന്നവർ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരണം. അല്ലെങ്കിൽ വീട്ടിൽപോയി കഴിക്കണം. മേൽജാതിക്കാരായ ചിലരുടെ വീട്ടിൽനിന്ന് ഭക്ഷണം നൽകും. പക്ഷേ, ദൂരെ പോയി വല്ല മരച്ചുവട്ടിലോ മറ്റോ നിന്ന് കഴിക്കണം. കൈതൊടാതെ ഇലയിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ ആണ് ഭക്ഷണം നൽകുക. കുടിവെള്ളമായാലും ദൂരെ മാറിനിന്ന് കുടിക്കണം. ഒരൊറ്റ നിബന്ധനയേയുള്ളൂ. വീടിെൻറ ഏഴയലത്ത് വരരുത്. തൊട്ടുംപോകരുത്.
-തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.