ലൈംഗിക ചുവയോടെയുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നത്; പരാതി നൽകി മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കളെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവനക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ അഡ്വ. സി.എസ് സുജാത സംസ്ഥാന പൊലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകി.

സ്ത്രീകളെ ശാരീരികമായി വർണിച്ച് ലൈംഗിക ചുവയോടെ അവഹേളിക്കുന്ന സുരേന്ദ്രന്റെ പ്രസ്താവന കേവലം മാർക്സിസ്റ്റ് പാർട്ടിയിലെ സ്ത്രീകൾ എന്നതിനപ്പുറം സ്ത്രീകളെ പൊതുവിൽ അപമാനിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും സൈബർ നിയമ പ്രകാരവുമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

കെ. സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവും -മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അങ്ങേയറ്റം ഹീനമായ ആ പരാമര്‍ശം ആവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സി.പി.എമ്മിലെ വനിതാ പ്രവര്‍ത്തകരെ മാത്രമല്ല മുഴുവന്‍ സ്ത്രീകളെയുമാണ് കെ. സുരേന്ദ്രന്‍ അപമാനിച്ചത്. സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്. സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നത് ശരിയായ രീതിയല്ല. ബി.ജെ.പിയിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

Tags:    
News Summary - Mahila Association filed complaint against K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.