ഇരിങ്ങാലക്കുട: ബില്യൺ ബീസ് സാമ്പത്തിക തട്ടിപ്പിൽ പ്രധാന പ്രതികളിലൊരാളായ നടവരമ്പ് കിഴക്കേ വളപ്പിൽ സുബിൻ (37) അറസ്റ്റിൽ. കാരുമാത്ര സ്വദേശി 2,65,33,000 രൂപ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി കാണിച്ച് നൽകിയ പരാതിയിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.
നടവരമ്പ് കിഴക്കേവളപ്പിൽ ബിബിൻ, ഭാര്യ ജയ്ത, ബിബിന്റെ സഹോദരൻ സുബിൻ എന്നിവർ ചേർന്ന് ഷെയർ ട്രേഡിങ് ബിസിനസ് നടത്തി മാസംതോറും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 2018 ഏപ്രില്‍ മൂന്നു മുതല്‍ 2023 ജനുവരി 20 വരെയുളള കാലയളവില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയപ്പിച്ച് 2,65,33,000 രൂപ തട്ടിയെടുത്തത്. ലാഭവിഹിതമോ വാങ്ങിയ പണമോ തിരികെ ലഭിക്കാതെവന്നപ്പോഴാണ് പരാതി നല്‍കിയത്.
ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഇതുവരെ രജിസ്റ്റർ ചെയ്ത 11 കേസുകളിൽ നാലിലും സുബിൻ പ്രതിയാണ്. ഇതില്‍ ഒരു കേസ് മാർച്ച് 22നാണ് രജിസ്റ്റര്‍ ചെയ്തത്. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയില്‍നിന്ന് 2019 ജനുവരി മുതല്‍ 2022 ഒക്ടോബര്‍ വരെ ഷെയര്‍ ട്രേഡിങ് നടത്തി ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍, 2023 ഒക്ടോബറിന് ശേഷം ലാഭവിഹിതമോ വാങ്ങിയ പണമോ തിരികെ നല്‍കാതെ തട്ടിപ്പ് നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തിയശേഷം പ്രതികൾ ഒളിവിലായിരുന്നു. പ്രതിയായ സുബിൻ കോലോത്തുംപടിയിൽ വന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ ദിനേഷ് കുമാർ, രാജു, സതീശൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിജോഷ്, മുരുകദാസ്, രജീഷ്, സിജു എന്നിവർ ചേർന്നാണ് സുബിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.