തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ചുമതലയിൽ അഴിച്ചുപണി. മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.ബി നൂഹ്, ഡോ. അദീല അബ്ദുല്ല, ഫിഷറീസ് ഡയറക്ടര്‍ ബി. അബ്ദുന്നാസര്‍ തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാണ് മാറ്റം.
പി.ബി നൂഹിനെ ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ (KTDFC) പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്. കൃഷി വികസന, കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുല്ലയെ സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ധനകാര്യ (വിഭവശേഷി) വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസറുമായ ശ്രീറാം വെങ്കിട്ട രാമനെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി ശ്രീറാം വഹിക്കും.
ഫിഷറീസ് ഡയറക്ടര്‍ ബി. അബ്ദുന്നാസറിനെ കായിക, യുവജനകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ പൂര്‍ണ്ണ അധിക ചുമതല കൂടിയുണ്ട്
പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായ എ. ഷിബുവിന് കേരള സംസ്ഥാന മണ്‍പാത്ര നിര്‍മ്മാണ മാര്‍ക്കറ്റിങ് ആന്‍ഡ് വെല്‍ഫെയര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല വഹിക്കും. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ. സുധീര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിന്റെ പൂര്‍ണ അധിക ചുമതല വഹിക്കും. ഡോ. അശ്വതി ശ്രീനിവാസ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ മാനേജിങ് ഡയറക്ടറും ആകും.
അതിനിടെ, മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ ഇനി മുതൽ നാലാം അഡീഷനൽ സെഷൻസ് കോടതി പരിഗണിക്കും. പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകൻ രാമൻപിള്ളക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ ആരോഗ്യപ്രശ്നമുണ്ടെന്നുകാട്ടി സമർപ്പിച്ച ഹരജിയിലാണ് സെഷൻസ് കോടതി ഉത്തരവ്. 2019 ആഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.