തിരുവനന്തപുരം: മലബാർ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നും ഗവ./എയ്ഡഡ് മേഖലയിൽ പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കണമെന്നും സാമൂഹികപ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ സർക്കാറിനോട് ആവശ്യപ്പെട്ടു.
മലബാറിലെ വിദ്യാഭ്യാസ വിവേചന പ്രശ്നം ഉന്നയിക്കുന്ന സന്ദർഭങ്ങളിലെല്ലാം താൽക്കാലികമായ സീറ്റ് വർധനയെന്ന പരിഹാരമാണ് സംസ്ഥാന സർക്കാർ നടപ്പാക്കാറുള്ളത്. പ്രവേശന നടപടിക്രമങ്ങൾ അവസാനിച്ച ശേഷം തെക്കൻകേരളത്തിലെ ബാക്കി വരുന്ന ബാച്ചുകൾ ക്രമീകരിക്കുന്ന താൽക്കാലിക നടപടികളും കഴിഞ്ഞവർഷം നടപ്പാക്കിയിരുന്നു. ഇത് രണ്ടും സ്ഥായിയായതോ ശാസ്ത്രീയമോ ആയ പരിഹാരമല്ല. സ്ഥിരപരിഹാരമെന്ന നിലയിൽ പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ സർക്കാർ പ്രഖ്യാപിക്കണം.
ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യാത്ത ഒട്ടനേകം ഹൈസ്കൂളുകൾ ഇപ്പോഴും മലബാർ ജില്ലകളിലുണ്ട്. അവ ഹയർ സെക്കൻഡറികളായി അപ്ഗ്രേഡ് ചെയ്യാൻ സർക്കാർ സന്നദ്ധമാകണം. പുറമെ, പൊതുവിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന ഒരു ഗവൺമെൻറ് എന്ന നിലയിൽ ഗവൺമെൻറ് - എയ്ഡഡ് മേഖലയിൽ പുതിയ ഹയർ സെക്കൻഡറി സ്കൂളുകൾ അനുവദിക്കാനും സംസ്ഥാന സർക്കാർ തയാറാകണമെന്ന് ഗ്രോ വാസു, ഹമീദ് വാണിയമ്പലം, കെ. അംബുജാക്ഷൻ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, സജി കൊല്ലം, കെ.കെ. രമ, പി. മുജീബ് റഹ്മാൻ, കെ.കെ. ബാബുരാജ്, സി.കെ. അബ്ദുൽ അസീസ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.