തൊടുപുഴ: ''ഇതുപോലെ ആഭരണങ്ങൾ അണിയാനും ഒരുപാട് ചിത്രങ്ങൾ എടുക്കാനും ഞാനും ആഗ്രഹിച്ചുപോകുന്നു''-വേദന കലർന്ന തെൻറ സ്വപ്നം കമൻറായി ഒരു പരസ്യ ചിത്രത്തിനടിയിൽ കുറിക്കുേമ്പാൾ താനും മോഡലാകുമെന്ന് ധന്യ ഒരിക്കലും വിചാരിച്ചില്ല. ഹൃദയസംബന്ധമായ അസുഖത്തിെൻറ വിഷമതകൾ അലട്ടുേമ്പാഴും ആ മഹാസ്വപ്നം സാക്ഷാത്കരിക്കപ്പെട്ട സന്തോഷത്തിലാണ് തൊടുപുഴ സ്വദേശിനിയായ 21കാരി ധന്യ സോജൻ. ചികിത്സയും വിശ്രമവുമൊക്കെയായി കഴിയുന്നതിനിടെയാണ് ധന്യയുടെ ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്.
ബോളിവുഡ് താരങ്ങളായ അനിൽ കപൂറും കരീന കപൂറും അഭിനയിച്ച മലബാർ ഗോൾഡിെൻറ പരസ്യചിത്രത്തിന് താഴെയാണ് ധന്യ തെൻറ ആഗ്രഹം പങ്കുവെച്ചത്. പരസ്യം കാണുന്ന ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഒന്നായിരുന്നു തെൻറ കമെൻറന്ന് ധന്യ പറയുന്നു. പിന്നീട് നടന്നതെല്ലാം ഇപ്പോഴും ധന്യക്ക് അവിശ്വസനീയമാണ്. ഫോട്ടോ ഷൂട്ടിന് റെഡിയാണോ എന്ന വിളി മലബാർ ഗോൾഡിൽനിന്ന് തൊട്ടടുത്ത ആഴ്ച എത്തി.
അവർ വീട്ടിലെത്തി കൊച്ചിയിലേക്ക് കൊണ്ടുപോയി. മേക്കപ് ആർട്ടിസ്റ്റ്, ഫോട്ടോഗ്രാഫർ ഒക്കെ തെൻറ ഇഷ്ടത്തിനനുസരിച്ച് ഒരുക്കിത്തന്നു. നടക്കാൻ ബുദ്ധിമുട്ടായതിനാൽ കൂടുതലും ഇരുന്നും നിന്നുമാണ് ചെയ്തത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് സർവാഭരണ വിഭൂഷിതയായി മോഡലുകൾക്കൊപ്പം ഫോട്ടോ ഷൂട്ട് പൂർത്തിയാക്കി.
ധന്യയുടെ ഈ കഥ പറയുന്ന, രോഹൻ മാത്യു സംവിധാനം ചെയ്ത വിഡിയോ കഴിഞ്ഞ ദിവസം ചലച്ചിത്ര താരങ്ങളായ കരീന കപൂറും തമന്നയുമടക്കം പങ്കുവെച്ചതോടെ ഈ പെൺകുട്ടിയുടെ ജീവിതവും സമൂഹമാധ്യമങ്ങളിൽ വൈറലായി. തൊടുപുഴയിലെ സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി ഡിപ്ലോമ ചെയ്യുന്നതിന് ധന്യ കാനഡയിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വർഷം രോഗം ബാധിച്ചത്. എങ്കിലും പഠനവും ചികിത്സയും തുടർന്നു.
അവസാന സെമസ്റ്റർ ആശുപത്രിയിൽ വെച്ച് പൂർത്തിയാക്കി നാട്ടിെലത്തി. ഹൃദയത്തിെൻറ പ്രവർത്തനം ചുരുങ്ങുന്ന കൺജസ്റ്റീവ്ഹാർട്ട് ഡിസോർഡറും മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങളുമാണ് ധന്യക്ക്. ഇപ്പോൾ എറണാകുളത്താണ് ചികിത്സ. വിഡിയോ കണ്ട് പലരും വിളിക്കാൻ തുടങ്ങിയതോടെ അദ്ഭുത ലോകത്താണ് താനിപ്പോഴുമെന്ന് ധന്യ പറയുന്നു. അസുഖംപോലും മറക്കുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
അതിനെക്കാൾ വലിയ സന്തോഷം ഒന്നുമുണ്ടാവില്ലല്ലോ എന്നും ധന്യ. മോൾ വളരെ സന്തോഷത്തിലാണെന്നും ഈ സന്തോഷം എന്നും ആ മുഖത്ത്കാണാനാണ് ആഗ്രഹമെന്നും പിതാവ് സോജൻ ജോസഫും മാതാവ് ഷാൻറി ജോസഫും പറയുന്നു. വിദ്യ, സെബാസ്റ്റ്യൻ, അഗസ്റ്റിൻ എന്നിവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.