മലപ്പുറം: ‘‘32 കൊല്ലം മുമ്പ് തുടങ്ങിയ കണ്ടക്ടർ ജോലിയാണ്. സ്കൂൾ കുട്ടികളെ പരമാവധി കൊണ്ടുപോവാറുണ്ട്. ആവശ്യത്തിലധികം പേരെ കയറ്റിയാലും പ്രശ്നമാണ്. ഡോറിൽ തൂങ്ങിയൊക്കെ കുട്ടികൾ യാത്ര ചെയ്യുന്നത് അപകടമുണ്ടാക്കും. എനിക്കിപ്പോൾ 57 വയസ്സുണ്ട്. പ്രഷറിെൻറ ഗുളിക മുടക്കാൻ പറ്റില്ല. അറിയാമല്ലോ, ചില സാഹചര്യങ്ങളിൽ ഓരോന്ന് സംഭവിച്ചുപോവുന്നതാണ്’’-ഇത് പറയുമ്പോൾ സക്കീർ അലിയുടെ ശബ്ദമിടറി. സഹോദരനൊപ്പം വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കാത്തതിന് ജില്ല കലക്ടർ നല്ലനടപ്പിന് അയച്ച കണ്ടക്ടർ സക്കീർ ‘ശിക്ഷ’ പൂർത്തിയാക്കി വ്യാഴാഴ്ചയാണ് തവനൂർ ശിശുഭവനിൽനിന്ന് ഇറങ്ങിയത്. ഇദ്ദേഹത്തെ തിങ്കളാഴ്ച കലക്ടറുടെ ചേംബറിൽ ചൈൽഡ്ലൈൻ നേതൃത്വത്തിൽ ആദരിക്കും.
എട്ടു ദിവസം ശിശുഭവനിൽ നിന്ന് കുറെ കാര്യങ്ങൾ മനസ്സിലാക്കി. അങ്ങോട്ടുള്ള യാത്ര മുതൽ ഓരോ പാഠങ്ങൾ. എടക്കര മരുത കുന്നുമ്മൽപൊട്ടിയിലെ വീട്ടിൽനിന്ന് പുലർച്ച അഞ്ചിന് ഇറങ്ങിയാലേ രാവിലെ ഒമ്പത് മണിയാകുേമ്പാഴേക്കും തവനൂരിൽ എത്താൻ കഴിയൂ. കുറേ ബസുകൾ മാറിക്കയറണം. അവിടെയെത്തിയാൽ വൈകുന്നേരം നാലുവരെ കുട്ടികൾക്കൊപ്പമാണ്. വിവിധ പ്രായത്തിലുള്ളവർ. വയ്യാത്തവർക്കൊപ്പം ആശുപത്രിയിൽ പോവും. കുളത്തിലോ മറ്റോ കുളിക്കാൻ പോവുന്നവരെ അനുഗമിക്കും. അങ്ങനെ ഓരോ കാര്യങ്ങൾ. വീട്ടിൽ തിരിച്ചെത്താൻ രാത്രി വൈകും.
ജൂലൈ 25 മുതൽ ആഗസ്റ്റ് ഒന്നുവരെയാണ് ശിശുഭവനിൽ പോയത്. യാത്രക്ക് മാത്രം ഓരോ ദിവസവും 200 രൂപ വേണ്ടിവന്നു -സക്കീർ അലി അനുഭവം വിവരിച്ചു. ബസിലെ ജോലിയിൽനിന്ന് കിട്ടുന്ന കൂലി മാത്രമാണ് ഏക വരുമാനം. എന്നാലും പരാതിയോ പരിഭവമോ ഇല്ലെന്ന് മഞ്ചേരി-പരപ്പനങ്ങാടി റൂട്ടിലോടുന്ന ‘കൊരമ്പയിൽ’ ബസിലെ കണ്ടക്ടറായ സക്കീർ അലി പറഞ്ഞു. ജൂലൈ 23ന് വൈകീട്ട് വേങ്ങരയിലാണ് സംഭവം. സഹോദരനൊപ്പം യാത്ര ചെയ്ത കുട്ടിയ മറ്റൊരു സ്റ്റോപ്പിലാണ് ഇറക്കിവിട്ടത്. വിഷയം സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കലക്ടർ ഇടപെടുകയായിരുന്നു.
ശിശുഭവനിലെ കെയർ ടേക്കറായി ആത്മാർഥ സേവനം കാഴ്ചവെച്ചതിനാണ് ചൈൽഡ്ലൈൻ സക്കീറിനെ ആദരിക്കുന്നത്. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ജില്ല കലക്ടർ ജാഫർ മലിക് ഉപഹാരം നൽകും. ചൈൽഡ്ലൈൻ പ്രവർത്തകരുടെ ഓണറേറിയത്തിൽ നിന്നൊരു വിഹിതവും കണ്ടക്ടർക്ക് സ്നേഹസമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.