മലപ്പുറം: ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയിൽ വാതക പൈപ് ലൈൻ നടപ്പാക്കുന്നതിനെതിരെ സമരരംഗത്തുള്ളവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ നഗരം സ്തംഭിച്ചു. രാവിലെ 10.30 ഒാടെ കിഴക്കേതല സുന്നി മഹൽ പരിസരത്തു നിന്ന് നേതാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു.
കുന്നുമ്മൽ ജംഗ്ഷൻ ഉപരോധിക്കാനാണ് തീരുമാനമെന്നറിയിച്ചെങ്കിലും പൊലീസ് സമരക്കാരെ കടത്തി വിട്ടില്ല. സിവിൽ സ്റ്റേഷൻ കവാടം പൊലീസ് നേരത്തേ അടച്ചിരുന്നു. കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നാണ് സമര സമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് കുന്നുമ്മൽ ദേശീയ പാത ഉപരോധിക്കാൻ തീരുമാനിക്കുകയായിരുന്നു. അൽപ നേരത്തെ വാക്ക് തർക്കത്തിനും മുദ്രാവാക്യം വിളികൾക്കുമൊടുവിൽ സമരക്കാർ കോട്ടപ്പടി പൊലീസ് സ്റ്റേഷന് മുൻവശം റോഡ് ഉപരോധിക്കുമെന്നറിയിച്ച് തിരിച്ചു പോയി.
എന്നാൽ പൊലീസ് സ്േറ്റഷന് മുൻവശത്തു കൂടെ മാർച്ച് നേരെ കുന്നുമ്മലിലേക്ക് വരികയായിരുന്നു. ഇതോടെ കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറ് പരിസരത്തേക്ക് നീങ്ങി. കുന്നുമ്മലിലെത്തിയ സമരക്കാരും പൊലീസും കോഴിക്കോട്^ദേശീയ പാതയിൽ മുഖാമുഖം നിന്നതോടെ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ മഞ്ചേരി റോഡ് വഴിയും കലക്ടറേറ്റിന് സമീപത്തെ താമരക്കുഴി റോഡ് വഴിയുമൊക്കെ തിരിച്ചുവിട്ടു. 12.30 ഒാടെയാണ് സമരക്കാർ പിരിഞ്ഞു പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.