പൊന്നാനി: മലപ്പുറത്ത് നാലു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൊന്നാനിയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കും നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗം.
ഒഡീഷയിൽ നിന്നുള്ള തൊഴിലാളിയാണ് ഇയാൾ. നിലമ്പൂർ ജില്ല ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി. നിലമ്പൂരിൽ സ്ത്രീകൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, മലമ്പനി സ്ഥിരീകരിച്ചതോടെ പൊന്നാനി നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യപ്രവർത്തകർ, വെക്ടർ കൺട്രോൾ യൂനിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ നടത്തി.
നാലു പേരടങ്ങുന്ന പത്ത് സംഘങ്ങൾ വീടുകൾ സന്ദർശിച്ചു. 1200 രക്തസാമ്പ്ൾ ശേഖരിച്ചാണ് രണ്ടു മലമ്പനി രോഗം സ്ഥിരീകരിച്ചത്. 21, 54, 17 എന്നിങ്ങനെ പ്രായമുള്ള മൂന്നു സ്ത്രീകളിലാണ് രോഗം കണ്ടെത്തിയത്. നിലവിൽ മൂന്നു കേസുകളാണ് വാർഡ് അഞ്ചിലുള്ളത്. നഗരസഭയിലെ 4, 5, 6, 7 വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ, കൊതുകു നശീകരണ പ്രവർത്തനങ്ങൾ എന്നിവ ഉടൻ നടക്കും.
രാത്രിയിൽ കൊതുകുവല ഉപയോഗിക്കാനും കൊതുക് നശീകരണ സാമഗ്രികൾ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്തപരിശോധന നടത്തണം. ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹസന്ദർശന രക്തപരിശോധനയിൽ പങ്കാളിയാവണമെന്നും ഡി.എം.ഒ അറിയിച്ചു. ഉറവിടനശീകരണം, ഫോഗിങ്, സ്പ്രേയിങ് എന്നിവ നടക്കും. 100 ആരോഗ്യ പ്രവർത്തകരെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. മൂന്നാഴ്ച ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾക്കായി രൂപരേഖ തയാറാക്കിയത്.
ഏകകോശ ജീവിയായ പാരസൈറ്റ് അഥവ പരാദങ്ങള്‍ പരത്തുന്ന രോഗമാണ് മലേറിയ എന്നു വിളിക്കുന്ന മലമ്പനി. അനോഫിലിസ് ഇനത്തിൽപെട്ട പെണ്‍കൊതുകിലൂടെയാണ് പ്ലാസ്മോഡിയം എന്ന ഏകകോശജീവി മനുഷ്യരക്തത്തില്‍ എത്തിച്ചേരുന്നത്. പ്ലാസ്മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
രക്തത്തിലൂടെ പരാദങ്ങള്‍ കരളിന്റെ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിന്റെ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവപ്പു രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നു.
കടുത്ത പനി, വിറയല്‍, തുടര്‍ച്ചയായ വിയര്‍പ്പ്, വിട്ടുമാറാത്ത തലവേദന, ശരീരവേദന, ഓക്കാനം, ഛർദി, തൊലിപ്പുറത്തും മൂത്രത്തിലും കാണുന്ന നിറംമാറ്റം
മലമ്പനി ചികിത്സിക്കാതിരുന്നാല്‍ ഗുരുതര വിളര്‍ച്ചക്ക് കാരണമാകും. അത് പിന്നീട് ജീവനുതന്നെ ഭീഷണിയായേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനു മുമ്പ്, എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കണം. പനി ബാധിച്ചവരുടെ രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
രോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ക്ലോറോക്വിന് (Chloroquine) എന്ന ഗുളികയാണ് പ്രാഥമിക ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. രക്ത പരിശോധനയിലൂടെ മലേറിയ ആണെന്ന് ഉറപ്പായാല്‍ രോഗിക്ക് തുടര്‍ന്ന് സമ്പൂര്‍ണ ചികിത്സ (Radical treatment) നല്കുന്നു. നിലവില്‍ മലമ്പനിക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ വിപണിയിലുണ്ട്.
രോഗബാധയുണ്ടാവുന്ന പ്രദേശങ്ങളിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സാധാരണയായി നടത്തുന്നത്. കൊതുക് നശീകരണമാണ് പ്രധാന പ്രവര്‍ത്തനം. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും കീടനാശിനി പ്രയോഗം, കുറ്റിക്കാടുകളില്‍ ഫോഗിങ് (പുകപ്രയോഗം), കിണറുകളില്‍ ഗപ്പി എന്ന മത്സ്യത്തെ വളര്‍ത്തുക എന്നിവയാണ് ജനവാസമുള്ള പരിസരങ്ങളില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍. വീടിനകം ശുചിയായി സൂക്ഷിക്കുക, ജനവാതിലുകളിലും വാതിലുകളിലും വീടിനകത്തേക്ക് കൊതുകുകള്‍ പ്രവേശിക്കാതിരിക്കാന്‍ നെറ്റ് പിടിപ്പിക്കുക. കൊതുകുവല ഉപയോഗിക്കുക എന്നിവയാണ് വ്യക്തികള്‍ പാലിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.