മലപ്പുറം നഗരസഭയുടെ അഞ്ചീനിക്കുളം നവീകരണത്തിലും വീഴ്ചയെന്ന് റിപ്പോർട്ട്

കോഴിക്കോട് : മലപ്പുറം നഗരസഭയുടെ അഞ്ചീനിക്കുളം നവീകരണത്തിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ ആസ്‌തിയിൽ ഇല്ലാത്ത, ദേശീയപാത അതോറിറ്റിയുടെ അധീനതയിലുള്ള കുളം നഗരസഭ ഫണ്ട് ഉപയോഗിച്ചു നവീകരിച്ചുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.  പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാൻറുപയോഗിച്ച് നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെ അഞ്ചാം വർഡിലുള്ള മലപ്പുറം- കോഴിക്കോട് ദേശീയപാതയോരത്തുള്ള അഞ്ചിനിക്കുളം നവീകരിച്ചത്. പദ്ധതിക്ക് 2022-23ൽ രണ്ട് കോടി രൂപയാണ് വകയിരുത്തിയത്.

കുളത്തിനോട് ചേർന്ന് ഒരു നടപ്പാതയും ടോയിലറ്റ് ബ്ലോക്കും കോഫി ഷോപ്പും ഇരിപ്പിടങ്ങളും തറ നിരപ്പാക്കലും കുളത്തിനോട് ചേർന്നുള്ള വലിയ തോടിന്റെ ഇരുവശവും സംരക്ഷണ ഭിത്തികെട്ടി സ്ഥലം നിരപ്പാക്കുക എന്നിവയാണ് കരാറിൽ ഉണ്ടായിരുന്നത്. ഒന്നാം പാർട്ട്ബിൽ തുകയായ 46,10,121 രൂപയും രണ്ടാം ചാർജായ 2,99,658 രൂപയും കൂടി 49,09,778 രൂപ 2022-23 വർഷത്തിൽ ചെലവഴിച്ചുവെന്നാണ് കണക്ക്.

സാഗരസഭയുടെ ആസ്‌തി രജിസ്റ്റർ പരിശോധിച്ചതിൽ നഗരസഭക്ക് ആകെയുള്ളത് ഒരു കുളം മാത്രമാണ്. അത് 30 ാം വാർഡിലുള്ള ആണ്ടിക്കാട് കുളമാണ്. അഞ്ചീനിക്കുളം എന്ന പേരിൽ കുളം നഗരസഭയുടെ ആസ്‌തിയിലില്ല. നഗരസഭയുടെ ആസ്‌തിയിൽ ഉൾപ്പെടാത്ത ഒരു കുളത്തിന്റെ നവീകരണത്തിനുവേണ്ടിയാണ് രണ്ട് കോടി രൂപ വകയിരുത്തിയതും 49 ലക്ഷം രൂപ ചെലവഴിച്ചതുമെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

ഈ കുളം സ്ഥിതി ചെയ്യുന്നത് മലപ്പുറം- കോഴിക്കോട് ദേശീയപാതയുടെ ഒരു വശത്താണ്. കുളത്തിന്റെ നീളത്തിലുള്ള രണ്ടു വശവും സിമെന്റ് പ്ലാസ്റ്ററിങ്ങ് ഏതാണ്ട് പൂർത്തിയാക്കുകയും ചെയ്തു. ദേശീയ പാതയുടെ അതിര് സംബന്ധമായി സംശയമുണ്ടെന്നും അതിനാൽ അതിർത്തി നിർണയിക്കുന്നതുവരെ ഈ നിർമാണം നിർത്തി വെക്കണമെന്ന് ദേശീയ പാത അധികൃതർ നിർദേശിച്ചതായി ഫയലിൽ രേഖപ്പെടുത്തി. എന്നാൽ ഇതു സംബന്ധിച്ച് ദേശീയ പാത അധിക്യതരിൽ നിന്നും ലഭിച്ച കത്തുകളൊന്നും ഫയലിൽ ഇല്ല.

സ്ഥല പരിശോധനയിൽ ദേശീയപാത വിഭാഗം ഉന്നയിച്ച സംശയം ശരിയാണെന്ന് ബോധ്യപ്പെട്ടു. ദേശീയപാതാ വിഭാഗത്തിന്റെ സ്ഥലത്താണ് കുളത്തിന്റെ ഒരു ഭാഗം സ്ഥിതി ചെയ്യുന്നത്.

അങ്ങനെയെങ്കിൽ നവീകരിച്ചുകൊണ്ടിരിക്കുന്ന ഈ കുളത്തിന്റെ പകുതി ഭാഗം പൊളിച്ചു നീക്കേണ്ടി വരും. ഈ സ്ഥലം അടിയന്തിരമായി സർവേ നടത്തുന്നതിനായി താലൂക്ക് സർവെയർക്ക് കത്തു നൽകിയിയെന്നും ഫയലിൽ രേഖപ്പെടുത്തി. എന്നാൽ, കത്തിന്റെ പകർപ്പ് ഫയലിൽ ഇല്ല.

ഇ-ടെണ്ടറിൽ ഏതൊക്കെ അക്രെഡിറ്റഡ് ഏജൻസികൾ പങ്കെടുത്തുവെന്നോ ഏറ്റവും കുറവു തുക രേഖപ്പെടുത്തിയ ഏജൻസി ആരാണെന്നോ അവർ എത്ര തുകയാണ് രേഖപ്പെടുത്തിയോന്നോ ഫയലിൽ ലഭ്യമല്ല. കരാർ ലഭിച്ച ഏജൻസി പുറംകരാർ കൊടുത്താണ് പ്രവർത്തി നടത്തുന്നത്. ഇതിലും എത്ര പേർ ടെണ്ടർ നടപടിയിൽ പങ്കെടുത്തുവെന്നോ അവർ രേഖപ്പെടുത്തിയ തൂക എത്രയെന്നോ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ വ്യക്തിക്കു തന്നെയാണോ പ്രവർത്തി നൽകിയിരിക്കുന്നതെന്നോയുള്ള കാര്യവും ഫയലിൽ ലഭ്യമല്ല. അക്രെഡിറ്റഡ് ഏജൻസി തയാറാക്കിയ എസ്റ്റിമേറ്റിനു തന്നെ പ്രവർത്തി പൂർത്തീകരിച്ച് ബിൽ സമർപ്പിച്ചു. നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും സുതാര്യതയില്ലെന്നാണ് റിപ്പോർട്ട്.

പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുന്നോടിയായി ഈ കുളം ആസ്‌തിയിൽ ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയോ, ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ദേശീയപതാ അധികൃതരുമായി കൂടിയാലോചന നടത്തുകയോ ചെയ്‌തിട്ടില്ല. മുനിസിപ്പാലിറ്റി നിയമ പ്രകാരം നഗരസഭാ പ്രദേശങ്ങളിലെ പൊതു ഉപയോഗത്തിലുള്ള എല്ലാ ജല മാർഗങ്ങളും, കുളങ്ങളും തോടുകളും മറ്റും പരിപൂർണമായും നഗരസഭയിൽ നിക്ഷിപ്‌തമാണെന്ന് നഗരസഭ മറുപടി നൽകി.

എന്നാൽ, നഗരസഭയുടെ ആസ്‌തിയായിട്ടുള്ള എല്ലാ ജല മാർഗങ്ങളുടെയും, കുളങ്ങളുടെയും തോടുകളുടെയും സംരക്ഷണത്തെക്കുറിച്ചാണ് നിയമത്തിൽ പറയുന്നത്. അതിനാൽ ദേശീയപാത അതോറിറ്റിയുടെ അധീനതയിലുള്ള സ്‌ഥലത്തു സ്‌ഥിതി ചെയ്യുന്ന നഗരസഭയുടെ ആസ്‌തിയിൽ ഇല്ലാത്ത കുളത്തിന്റെ സംരക്ഷണത്തിന് നഗരസഭാ ഫണ്ട് വിനിയോഗിച്ചത് വീഴ്ചയാണെന്ന് ഓഡിറ്റ് ചൂണ്ടിക്കാട്ടി.  

Tags:    
News Summary - Malappuram Municipal Corporation reports that there has been a failure in renovation of around five times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.