തൃശൂർ: എയ്ഡഡ് കോളജുകളിലേക്കായി സർക്കാർ അംഗീകാരം നൽകിയ പുതു കോഴ്സുകളിൽ 'മലയാള' ഭാഷ പഠനത്തിന് അവഗണന.
ശ്രേഷ്ഠഭാഷയായും ഭരണഭാഷയായും അംഗീകാരം നൽകി മലയാളത്തെ ആദരിക്കുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദഗ്ധ സമിതി തയാറാക്കിയ പുതുകോഴ്സുകളുടെയും പ്രോഗ്രാമുകളുടെയും പട്ടികയിൽനിന്ന് മാതൃഭാഷ പഠനം പുറത്തായത്. എട്ട് എം.എസ്സി കോഴ്സുകളും 18 എം.എ കോഴ്സുകളും ഉൾപ്പെടെ 26 ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും എട്ട് ബി.എസ്സി, 42 ബി.എ ഉൾപ്പെടെ 50 ബിരുദ കോഴ്സുകൾക്കുമാണ് സർക്കാർ അംഗീകാരം നൽകിയത്. ഇതിൽ നിർദേശിച്ച 18 പി.ജി കോഴ്സുകളിലും 50 ബിരുദ കോഴ്സുകളിലും മലയാള ഭാഷ പഠനമില്ല. മാത്രമല്ല മാനവിക വിഷയങ്ങൾക്ക് നാമമാത്ര പരിഗണന മാത്രമാണ് ലഭിച്ചത്.
42 ബി.എ പ്രോഗ്രാമുകൾ അനുവദിച്ചപ്പോൾ 14 എണ്ണമാണ് മാനവിക വിഷയങ്ങളിലുൾപ്പെടുന്നത്. ഇതിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, തമിഴ് ഭാഷ പഠനങ്ങൾ വന്നു എന്നതൊഴിച്ചാൽ ഭാഷപഠനം തന്നെ അവഗണിക്കെപ്പട്ടു. ഈ മാസം ആറിനാണ് പുതുകോഴ്സുകളുടെ വിശദ വിവരം കാണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. എയ്ഡഡ് കോളജുകൾക്ക് രണ്ട് കോഴ്സ് വീതം തിരഞ്ഞെടുക്കാം. ഇവയെ ഏകോപിപ്പിച്ച പട്ടിക ഈ മാസം 22നകം അയക്കാനാണ് സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, ബിരുദാനന്തര പഠന കോഴ്സുകളിൽ അതിനൂതന 21 ശാസ്ത്ര കോഴ്സുകൾ ഉൾപ്പെടുത്തിയതാണ് പട്ടികയെ ശ്രദ്ധേയമാക്കുന്നത്. നവകേരള നിർമിതിയുമായി മുന്നോട്ടുപോകുന്ന സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗമെത്തുേമ്പാൾ പുതുകോഴ്സുകൾ അനുവദിക്കുന്നതിൽ മാതൃഭാഷ പഠനത്തെയും മാനവിക വിഷയങ്ങളെയും അവഗണിക്കുന്നത് ദുര്യോഗമാണെന്ന് മലയാളം ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഹരികുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിലെ മാനവിക വിഷയങ്ങളിലെ കോഴ്സുകൾ നവീകരിക്കപ്പെടേണ്ടതുണ്ട്.
ശാസ്ത്ര സാങ്കേതിക രംഗത്തെ പഠനം പുതുതലമുറ കോഴ്സുകളാക്കി പഠിപ്പിക്കുന്നത് നല്ലത് തന്നെ. പക്ഷേ, മാതൃഭാഷ പഠനം അവഗണിച്ചുകൊണ്ടാകരുത് അത്. വർത്തമാന സാധ്യതകൾ മുൻനിർത്തി ഭാഷാപഠനത്തിൽ മാറ്റംവരുത്തിയാൽ മറ്റ് വിഷയങ്ങൾപോലെ നവീകരിക്കപ്പെടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.