കണ്ണൂർ: അബൂദബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ആറ് ലക്ഷം ദിർഹം (ഒന്നരക്കോടിയോളം രൂപ) തിരിമറി നടത്തി മുങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബി പൊലീസിന്‍റെ പിടിയിലായി. അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെയാണ് അബൂദബി അൽ ഖാലിദിയ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ മാർച്ച് 25നാണ് ഇയാളെ കാണാതായത്. ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്‍റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷിക്കുകയായിരുന്നു. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് ആറു ലക്ഷം ദിർഹത്തിന്‍റെ കുറവ് അധികൃതർ ശ്രദ്ധയിൽപ്പെട്ടു.
പണവുമായി മുങ്ങിയെന്ന സംശയം ബലപ്പെട്ടതോടെ ലുലു മാനേജ്മെന്റ് അബൂദബിയിലെ അൽ ഖാലിദിയെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുടുംബത്തെയും കാണായതോടെ യു.എ.ഇ വിട്ടതായും സംശയിച്ചിരുന്നു. ഇതേതുടർന്ന് എംബസി വഴിയും നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.