ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങളിലേക്ക് മലയാളി ഗിയർ മാറ്റുന്നു

കൊച്ചി: മലയാളികളുടെ വാഹനഭ്രമം ഇലക്ട്രിക്- സി.എൻ.ജി വാഹനങ്ങളിലേക്ക് ചുവടുമാറ്റുന്നു. സമീപകാലത്ത് കേരളത്തിൽ ഇലക്ട്രിക്-സി.എൻ.ജി വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഉണ്ടായ വർധന ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സംസ്ഥാനത്ത് ഇതുവരെ 34,655 ഇലക്ട്രിക് വാഹനങ്ങളും 25,288 സി.എൻ.ജി വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തത്. പെട്രോൾ-ഡീസൽ വിലവർധനക്കൊപ്പം പ്രകൃതി സൗഹൃദ വാഹനങ്ങളോടുള്ള മലയാളികളുടെ താൽപര്യമാണ് ഇലക്ട്രിക്-സി.എൻ.ജി വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വർധനയുണ്ടാക്കിയതെന്ന് വിദഗ്ധർ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി രജിസ്ട്രേഷൻ ഫീസ്, നികുതി, പെർമിറ്റ് എന്നിവയിൽ ഇളവ് അനുവദിച്ചിരുന്നു. ഇതിനൊപ്പം ഇലക്ട്രിക് ഓട്ടോകൾക്ക് 30,000 രൂപ സബ്സിഡി അനുവദിക്കുന്ന പദ്ധതിയും ഗുണകരമായി.

ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് മോട്ടോർ സൈക്കിൾ-സ്കൂട്ടറുകളാണ്. 26,524 എണ്ണമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 4537 മോട്ടോർ കാറുകളും 2342 ഇ-റിക്ഷകളും രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ ഉൾപ്പെടുന്നുണ്ട്. 46 ബസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നഗരകേന്ദ്രങ്ങളിലും ഹൈവേകളിലും പ്രധാന ഇടങ്ങളിലും ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ വ്യാപകമായാൽ കൂടുതൽ വാഹനങ്ങൾ നിരത്തിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

ഓട്ടോ ഉൾപ്പെടെയുള്ള മുച്ചക്ര വാഹനങ്ങളാണ് സി.എൻ.ജിയിൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സി.എൻ.ജി ഉപയോഗിക്കുന്ന 6313 മുച്ചക്രവാഹനങ്ങളാണ് സംസ്ഥാനത്തിന്‍റെ നിരത്തുകളിലുള്ളത്. സി.എൻ.ജി പമ്പുകളുടെ എണ്ണം വർധിച്ചാൽ കൂടുതൽ വാഹനങ്ങൾ നിരത്തിലെത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

നിലവിൽ 88 സി.എൻ.ജി പമ്പുകളാണ് സംസ്ഥാനത്തുള്ളത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിൽ സി.എൻ.ജി പമ്പുകൾ ഇല്ലാത്തതും തിരിച്ചടിയാണ്.

സംസ്ഥാനത്ത് മൂന്നിലൊരാൾക്ക് വാഹനമുണ്ടെന്നാണ് കണക്കുകൾ. 1.53 കോടി മോട്ടോർ വാഹനങ്ങളാണ് സംസ്ഥാനത്തുള്ളതെന്ന് കഴിഞ്ഞ ഡിസംബറിൽ കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. 

Tags:    
News Summary - Malayalis are shifting gears to electric and CNG vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.