കണ്ണൂർ: മാല ദ്വീപിൽനിന്ന് രണ്ടുദിവസത്തെ കപ്പൽ യാത്രക്കുശേഷം ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെത്തിയ കണ്ണൂർ സ്വദേശികൾ നാട്ടിലെത്തിയത് 18 മണിക്കൂർ നേരത്തെ ദുരിതത്തിനുശേഷം. കൊച്ചിയിൽനിന്ന് രാത്രി എട്ടിന് കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ 16 പേർക്കൊപ്പം കെ.എസ്.ആർ.ടി.സി ബസിൽ പുറപ്പെട്ട കണ്ണൂർ സ്വദേശികളായ അഞ്ചുപേർക്കാണ് മനംമടുപ്പിക്കുന്ന യാത്രാനുഭവമുണ്ടായത്. ആളുകളെ നിരീക്ഷണത്തിനായി ഇറക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കോ പൊലീസുകാർക്കോ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. രണ്ട് ദിവസത്തെ യാത്രയെ തുടർന്ന് ബസിലുള്ളവർ ഉറക്കത്തിലായിരുന്നു.
രാത്രി 12ഓടെ ബസ് കൊയിലാണ്ടിയിൽ എത്തിയപ്പോഴാണ് മലപ്പുറം, കോഴിക്കോട്, വയനാട് സ്വദേശികളെ ഇറക്കാത്തത് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ ആളുകളെ ഇറക്കേണ്ട ഉത്തരവാദിത്തത്തെ കുറിച്ച് പൊലീസും കെ.എസ്.ആർ.ടി.സി ജീവനക്കാരും തമ്മിൽ വാക്കേറ്റമായി. മലപ്പുറം, കോഴിക്കോട്, വയനാട് സ്വദേശികളെ അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ ഇറക്കിയ ശേഷമാണ് ബസ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. കപ്പലിറങ്ങിയ ശേഷം ഭക്ഷണം കഴിച്ച യാത്രക്കാർക്ക് 14 മണിക്കൂറുകൾക്കുശേഷം വയനാട് എത്തിയപ്പോഴാണ് വിശപ്പടക്കാനായത്.
പേരിയക്ക് സമീപം കണ്ണൂർ-വയനാട് അതിർത്തിയിൽ പൊലീസ്, ബസ് തടഞ്ഞതോടെ വീണ്ടും വാക്കേറ്റവും അനിശ്ചിതത്വവും. പ്രവാസികളുമായി ഇത്തരത്തിലൊരു ബസ് അതിർത്തി കടക്കുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് അറിയിച്ചത്. അരമണിക്കൂറിന് ശേഷമാണ് ഇവിടെനിന്ന് പുറപ്പെട്ടത്. തലശ്ശേരിയിലെ ക്വാറൻറീൻ കേന്ദ്രത്തിലെത്തുേമ്പാൾ ബുധനാഴ്ച ഉച്ച ഒന്നരയായിരുന്നു. ഇതിനുശേഷം കാസർകോട് സ്വദേശികളുമായി ബസ് യാത്ര തുടരുകയായിരുന്നു. 40 ഡിഗ്രി ചൂടിൽ സാമൂഹിക അകലം പോലും പാലിക്കാനാവാത്ത ദുസ്സഹമായ കപ്പൽ യാത്രക്കുശേഷം ഭക്ഷണംപോലും ലഭിക്കാത്ത നീണ്ട ബസ് യാത്രയും കൂടിയായപ്പോൾ ജീവിതത്തിൽ മറക്കാനാവാത്ത വെറുക്കപ്പെട്ട മണിക്കൂറുകളാണ് കടന്നുപോയതെന്ന് യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.