കോഴിക്കോട്: കോഴിമുട്ട മോഷ്ടിച്ച് ആദായവിൽപന നടത്തിയ പ്രതി പിടിയിൽ. മൊത്ത വിൽപന കേന്ദ്രം കുത്തിത്തുറന്ന് ട്രേകളടക്കം മോഷ്ടിച്ച മുട്ട പാതി വിലയ്ക്ക് വിറ്റ ഫ്രാൻസിസ് റോഡ് ചങ്ങുപാലം പറമ്പ് സി.പി. കമറുദ്ദീനെയാണ് (55) കസബ എസ്.ഐ വി. സിജിത്തിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഫ്രാൻസിസ് റോഡ് കമ്മാടത്ത് തോപ്പ് പറമ്പ് മൊയ്തീൻ കോയയുടെ ഉടമസ്ഥതയിൽ വട്ടാംപൊയിൽ റെയിൽവേ ഗേറ്റിനടുത്ത് പ്രവർത്തിച്ച മൊത്തവിൽപന കട കുത്തിത്തുറന്ന് മോഷ്ടിച്ച രണ്ടായിരത്തിലധികം കോഴിമുട്ടകൾ മീഞ്ചന്തക്ക് സമീപം വിൽക്കുകയായിരുന്നു.
ബാക്കിയായ രണ്ടായിരത്തോളം കോഴിമുട്ടകളും കടത്താനുപയോഗിച്ച പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് പിടികൂടി. 4.50 രൂപ മൊത്തവിലയുള്ള മുട്ടയൊന്നിന് മൂന്നു രൂപ തോതിലാണ് വിറ്റത്. കടയിൽനിന്ന് നേരത്തേ വൻതോതിൽ മുട്ട മോഷണം പോയിരുന്നു. കട നിരീക്ഷിക്കാൻ ഉടമ വട്ടാംപൊയിൽ റെയിൽവെ ഗേറ്റ് കീപ്പറുടെ സഹായം തേടിയിരുന്നു. രാത്രി കട തുറക്കുന്നത് കാബിനിലിരുന്ന് കണ്ട ഗേറ്റ് കീപ്പർ ആരാണെന്ന് വിളിച്ചു ചോദിച്ചു. ഉടമതന്നെയാണെന്നായിരുന്നു മറുപടി. ശബ്ദത്തിൽ വ്യത്യാസം തോന്നി ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു.
രാവിലെ കടയിലെത്തിയപ്പോൾ മോഷണവിവരം മനസ്സിലായ ഉടമ കസബ പൊലീസിൽ പരാതി നൽകി. എസ്.ഐ ഓട്ടോ ഡ്രൈവർമാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ വിവരം പ്രചരിപ്പിച്ചു. അങ്ങനെയാണ് മുട്ടകൾ ഓട്ടോയിൽ ആദായവിൽപന നടത്തുന്ന വിവരം കിട്ടിയത്. നേരത്തേ കടയിൽനിന്ന് പലതവണ മുട്ട മോഷ്ടിച്ചതായി പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.