തളിപ്പറമ്പ്: അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ ചെന്നൈ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഡയറക്ട് കോണ്ട്രാക്റ്റ് സ്പേസ് ടെക്നോളജി കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ദമ്പതിമാരുടെ ഒന്നേകാൽ കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പേരാമ്പ്ര സ്വദേശിയായ പ്രതി അറസ്റ്റിലായി. സംഭവത്തിൽ കോഴിക്കോട് പേരാമ്പ്ര കോടേരിച്ചാല്‍ സ്വദേശി വാഴാട്ട് ഹൗസില്‍ ബിജുകുമാർ (36) ആണ് പിടിയിലായത്. തളിപ്പറമ്പ് സ്വദേശികളായ റിട്ട. സർക്കാർ ഉദ്യോഗസ്ഥരിൽനിന്നാണ് 1.26 കോടി രൂപയും 20 പവന്റെ ആഭരണങ്ങളും തട്ടിയത്.
അറസ്റ്റിന് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വി. മനോജ് കുമാർ, എസ്.ഐ ദിനേശന്, പൊലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. പൂക്കോത്ത് തെരു സ്വദേശി റിട്ട. ഉദ്യോഗസ്ഥന് പി. ഭാര്‍ഗവന്റെ ഉന്നത വിദ്യാഭ്യാസം നേടിയ മകനെ ചെന്നൈ കേന്ദ്രീകരിച്ച് തുടങ്ങുന്ന നാസ പ്രോജക്ടിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബിജുകുമാര്‍ സുഹൃത്തുക്കളായ സുമേഷ്, പ്രശാന്ത് എന്നിവരുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയത്.
2015 മുതല്‍ 2020 വരെയുള്ള അഞ്ചു വര്‍ഷ കാലയളവിലാണ് നേരിട്ട് പണമായും ബാങ്ക് അക്കൗണ്ട് വഴിയും 1.26 കോടി രൂപയും 20 പവന്റെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയത്.
പിന്നീട് മകനെ പ്രോജക്ടിൽ പങ്കാളിയാക്കാതെയും കൊടുത്ത പണം തിരിച്ചുനല്‍കാതെയും വിശ്വാസവഞ്ചന നടത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസന്വേഷണം റൂറല്‍ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി.
അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അന്വേഷിച്ച് പേരാമ്പ്രയിലെത്തിയെങ്കിലും ഇയാള്‍ നാട്ടില്‍നിന്ന് മുങ്ങിയതായി മനസ്സിലായി. തട്ടിയെടുത്ത പണംകൊണ്ട് പേരാമ്പ്ര കൂരാച്ചുണ്ടിലും മറ്റുമായി ഇയാള്‍ അഞ്ചോളം ബേക്കറി തുടങ്ങുവാനുള്ള ഇന്റീരിയല്‍ വര്‍ക്ക് നടത്തി വരുന്നതായി കണ്ടെത്തി.
അന്വേഷണ സംഘം നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് തമിഴ്നാട്ടിലെ ഉദുമല്‍പേട്ടില്‍ പ്രതിയെ അറസ്റ്റുചെയ്തത്. ചെന്നൈ ഐ.ഐ.ടിയില്‍നിന്നും ബി.ടെക് എൻജിനീയറിങ് ബിരുദധാരിയാണെന്നാണ് ഇയാള്‍ വിശ്വസിപ്പിച്ചിരുന്നത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.