ന്യൂഡൽഹി: രാജ്യത്ത് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിർബന്ധിതമായി ലഭ്യമാക്കേണ്ട രോഗനിർണയ പരിശോധനകളുടെ പട്ടിക പുതുക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐ.സി.എം.ആർ). നാഷനൽ എസൻഷ്യൽ ഡയഗ്നോസ്റ്റിക്സ് ലിസ്റ്റ് (എൻ.ഇ.ഡി.എൽ) എന്നറിയപ്പെടുന്ന പട്ടികയുടെ പുതുക്കിയ കരട് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.
ഗ്രാമതല ആരോഗ്യ കേന്ദ്രങ്ങളിൽ കുറഞ്ഞത് ഒമ്പതു തരം രോഗനിർണയ പരിശോധനകൾക്കുള്ള സൗകര്യം ഉണ്ടായിരിക്കണമെന്ന് പുതുക്കിയ കരട് ശിപാർശ ചെയ്യുന്നു. പ്രമേഹം, മലേറിയ, ടി.ബി, എച്ച്.ഐ.വി, സിഫിലിസ് എന്നിവയടക്കം അസുഖങ്ങൾക്കായുള്ള പരിശോധനകൾ ഇതിൽ ഉൾപ്പെടുന്നു.
ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിൽ ഗ്രാമതല ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന പരിശോധനകൾക്ക് പുറമേ, ഹെപ്പറ്റൈറ്റിസ് -ബി രോഗനിർണയത്തിനുകൂടി സൗകര്യം ലഭ്യമാക്കണം.
ഡെങ്കിപ്പനി, ജാപ്പനീസ് എൻസെഫലൈറ്റിസ്, സ്ക്രബ് ടൈഫസ് എന്നിവയുൾപ്പെടെ എല്ലാ സാധാരണ രോഗങ്ങൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (പി.എച്ച്.സി) പരിശോധന സൗകര്യം ഉണ്ടായിരിക്കണമെന്ന് കരടിൽ മാർഗനിർദേശമുണ്ട്. ഇതിനായി എക്സ്റേ, ഇ.സി.ജി മെഷീനുകളും പി.എച്ച്.സികളിൽ ലഭ്യമാക്കണം.
ജില്ലതല ആരോഗ്യ കേന്ദ്രങ്ങളിൽ സി.ടി സ്കാൻ, എം.ആർ.ഐ, മാമോഗ്രഫി, എക്കോകാർഡിയോഗ്രഫി എന്നിവയുടെ ലഭ്യത നിർബന്ധമാക്കുന്നതാണ് നിർദിഷ്ട മാർഗനിർദേശങ്ങൾ.
നിലവിൽ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ആരോഗ്യ സ്ഥാപനങ്ങളിലും മതിയായ രോഗനിർണയ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. മിക്ക രോഗങ്ങൾക്കും പരിശോധനകൾക്കായി ഉയർന്ന കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യമാണ്.
രോഗനിർണയവും ചികിത്സയും വൈകുന്നത് പലപ്പോഴും അപകടകരമായ സാഹചര്യങ്ങൾക്ക് കാരണമാകുന്നു. ഇതു കണക്കിലെടുത്താണ് ഐ.സി.എം.ആർ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. 2019ൽ ആണ് ഐ.സി.എം.ആർ ആദ്യ നാഷനൽ എസൻഷ്യൽ ഡയഗ്നോസ്റ്റിക്സ് ലിസ്റ്റ് പുറത്തിറക്കിയത്.
ഇതിൽ കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് നിലവിൽ പ്രസിദ്ധീകരിച്ച കരടുപട്ടികയെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.