നെടുമങ്ങാട്: വിദ്യാർഥികൾക്കിടയിൽ കോഡ് ഭാഷ ഉപയോഗിച്ച് കഞ്ചാവും ചാരായവും വിൽപന നടത്തുന്ന യുവാവ് വാഹന പരിശോധനക്കിടെ പിടിയിലായി. പാലോട് പാലുവള്ളി സ്വദേശി വിജിൻ (30 ) ആണ് അറസ്റ്റിലായത്. 1.5 കിലോഗ്രാം കഞ്ചാവും 10 ലിറ്റർ ചാരായവും കണ്ടെടുത്തു.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാണ് കഞ്ചാവ് എത്തിച്ച് കൊടുത്തുകൊണ്ടിരുന്നത്. സ്‌കോർ, മരുന്ന് എന്നീ കോഡ് ഭാഷയിലാണ് ഇയാൾ സാധനം കൈ മാറിയിരുന്നത്. നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.ആർ. സുരൂപും സംഘവും കാരേറ്റ് - കല്ലറ റോഡിൽ കല്ലറ പള്ളിമുക്ക് ജങ്ഷനിൽ നടത്തിയ വാഹന പരിശോധനക്കിടെ, സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 1.5 കിലോ കഞ്ചാവുമായാണ് പിടിയിലായത്.
അറസ്റ്റിലായ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ താമസസ്ഥലത്ത്നിന്നും 10 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഏകദേശം 45,000 രൂപക്ക് കഞ്ചാവ് വാങ്ങിയാൽ 2,00,000 രൂപക്ക് വരെ കച്ചവടം നടക്കും എന്നാണ് പ്രതി പറയുന്നത്. ലോക്ഡൗൺ സമയത്താണ് ഇയാൾ ചാരായവാറ്റ് തുടങ്ങിയത്.
എക്‌സൈസ് പ്രിവന്‍റീവ് ഓഫിസർ എസ്. രജികുമാർ, സിവിൽ എക്‌സൈസ് ഓഫിസർ മാരായ എസ്. നജിമുദീൻ, എ. ഷജിം, എസ്. മുഹമ്മദ് മിലാദ്, സി.എസ്. ശ്രീകേഷ്, ഇ. ഷജീർ, എം.പി. ആദിൽ, എം.പി. ശ്രീകാന്ത്, സി.എസ്. അശ്വതി, ആർ.എസ്. രജിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.