തിരുവല്ല: പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം മുക്കൂർ വടശ്ശേരിയിൽ വീട്ടിൽ വേണുക്കുട്ടൻ (45) ആണ് ഭാര്യ ശ്രീജ(38)യെ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ദമ്പതികൾ ഏറെക്കാലമായി സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. കണ്ണൂർ പയ്യന്നൂരിൽ ഇന്നലെ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുംമുമ്പാണ് വീണ്ടും സമാന രീതിയിലുള്ള കൊലപാതകം അരങ്ങേറിയത്.
ഇന്ന് പുലർച്ചെ ശ്രീജയുടെ പാലയ്ക്കാതകിടിയിലെ വീട്ടിലെത്തിയാണ് വേണുക്കുട്ടന്‍ നായർ ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ശ്രീജ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കീഴ്വായ്പൂർ പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ച ശേഷം വേണുക്കുട്ടൻ നായരുടെ മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വിദേശത്ത് ജോലി ചെയ്തിരുന്ന വേണുക്കുട്ടൻ നായരുടെ സമ്പാദ്യം ധൂർത്തടിച്ചു എന്ന പരാതി ഉയർത്തിയിരുന്നു. ഇതേ തുടർന്നുള്ള കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു.
പയ്യന്നൂർ കാങ്കോലിലെ വെമ്മരടി കോളനിയിൽ ഇന്നലെയാണ് ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. വി.കെ. പ്രസന്ന (32) യാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. തലയും ശരീരവും വേര്‍പ്പെട്ട നിലയിലായിരുന്നു മൃതദേഹം.
കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷമായി രണ്ട് വീടുകളിലാണ് താമസിക്കുന്നത്. പ്രസന്നയും മൂന്ന് മക്കളും അവരുടെ വീടായ കണ്ണൂര്‍ ചെക്കിക്കുളത്തെ വീട്ടിലായിരുന്നു താമസം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വര്‍ഷമായി. ഷാജി കൊലപാതകം നടന്ന വെമ്മരടി കോളനിയിലാണ് താമസിക്കുന്നത്. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് എടുക്കുവാനും വെമ്മരടി കോളനിയിലെ ഒരു കല്യാണപരിപാടിയില്‍ പങ്കെടുക്കാനുമായി ബുധനാഴ്ച ഉച്ചയോടെയാണ് പ്രസന്ന ചെക്കികുളത്തെ വീട്ടില്‍നിന്ന് കാങ്കോല്‍ വെമ്മരടി കോളനിയിലെ വീട്ടില്‍ എത്തിയത്.
കോളനിയിലുള്ളവര്‍ കല്യാണ വീട്ടിലായിരുന്നപ്പോള്‍ ഷാജി ഉച്ചക്ക് 2.15 ഓടെ വീട്ടിലേക്ക് പോയി. ആ സമയത്ത് ഭാര്യയും വീട്ടില്‍ എത്തി. ഇതിനിടെയാണ് കൊലപാതകം നടന്നത്. കൃത്യത്തിന് പിന്നാലെ ഷാജി ബൈക്കിൽ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കൊല നടത്തിയ വിവരം അറിയിക്കുകയായിരുന്നു.
ചെക്കിക്കുളത്തെ വെള്ളകുടിയന്‍ ജാനകിയുടെയും പരേതനായ കുഞ്ഞിരാമന്റെയും മകളാണ് പ്രസന്ന. മക്കള്‍: ജനഷ (മൂന്നാം ക്ലാസ് വിദ്യാഥിനി), പാര്‍ത്ഥിവ് ശിവ (ഒന്നാം ക്ലാസ് വിദ്യാര്‍ഥി), ശിവദര്‍ശിഖ് (അങ്കണവാടി വിദ്യാര്‍ഥി). സഹോദരങ്ങള്‍: മധുസൂദനന്‍, സുരേഷ്, ബാബു, അനീഷ്, പ്രസീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.