തിരുവനന്തപുരം: പിതാവിന്റെ പീഡനത്തിനിരയായി അഭയകേന്ദ്രത്തിലാക്കിയ ദലിത് പെൺകുട്ടിയെ വശീകരിച്ച് വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും. നെയ്യാറ്റിൻകര അമരവിള നടുവോർക്കൊല്ല റെയിൽവേ ഗേറ്റിനു സമീപം കൃഷ്ണ വിലാസം വീട്ടിൽ സനൽകുമാറിനെ (27) യാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
2016 ലാണ് കേസിനാസ്പദമായ സംഭവം. മഹിളാ മന്ദിരത്തിൽ നിന്നും രണ്ടു കൂട്ടുകാരികളോടൊപ്പം രക്ഷപ്പെട്ടു പോകാൻ ശ്രമിച്ച പെൺകുട്ടിയെ വശീകരിച്ചു കൊണ്ട് പോയി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പതിനേഴുകാരിയായ പെൺകുട്ടി സ്വന്തം പിതാവിനാൽ പീഡിപ്പിക്കപ്പെട്ട ശേഷം പുനരധിവാസത്തിന് മഹിളാമന്ദിരത്തിൽ കഴിഞ്ഞുവരികയായിരുന്നു. അവിടെ നിന്നും മറ്റു രണ്ടു പെൺകുട്ടികളോടൊപ്പം രക്ഷപ്പെട്ടപ്പോഴാണ് സനൽകുമാർ കൂടെക്കൂട്ടിയത്. തുടർന്ന് അമ്പലത്തിൽ കൊണ്ട് പോയി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ച ശേഷം 3 ദിവസം ഒന്നിച്ചു താമസിച്ചു. അതിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
വിവാഹം കഴിച്ച ശേഷമാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നും അതിനാൽ ലൈംഗിക പീഡന കേസ് നിലനിൽക്കില്ല എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. കുറവ സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ നായർ സമുദായത്തിൽപെട്ട പ്രതി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ചു ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച സംഭവം അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു.
അത്യന്തം ഹീനമായ പ്രവൃത്തിയാണ് പ്രതി ചെയ്തത്. പ്രതിക്ക് വേറെ ഭാര്യയും മകളും ഉണ്ടെന്നും ശിക്ഷ ഇളവ് നൽകണമെന്നുമുള്ള വാദം കോടതി നിരാകരിച്ചു. പ്രതി ഒരു ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
എസ്.സി, എസ്.ടി പീഡന നിയമപ്രകാരം ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും പോക്സോ നിയമപ്രകാരം 10 വർഷം കഠിന തടവും 25,000 രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.