തിരൂർ: പുതിയങ്ങാടി വലിയ നേർച്ച സമാപന ദിനത്തിൽ ജാറം മൈതാനിയിൽ ആനയിടഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.
തിരൂർ തെക്കുംമുറി സ്വദേശി പൊട്ട ചേലപ്പൊടി കൃഷ്ണൻ കുട്ടിയാണ് (50) കോട്ടക്കലിലെ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് അമിത രക്താസ്രവം ഉണ്ടായിരുന്നു.
ആനയിടഞ്ഞ സംഭവത്തിൽ കൃഷ്ണൻ കുട്ടിയുൾപ്പെടെ 29 പേർക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം. സംഭവത്തിൽ ആന പാപ്പാൻമാർക്കെതിരെ കേസെടുത്തിരുന്നു. ആനയിടഞ്ഞ സംഭവത്തിൽ ഹൈകോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
പോത്തന്നൂരിൽനിന്ന് വന്ന വരവിലുണ്ടായിരുന്ന പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ജാറം മൈതാനിയിൽ ഇടഞ്ഞത്. ആന വിരണ്ടതോടെ നേർച്ച കാണാനെത്തിയവർ ചിതറി ഓടുകയായിരുന്നു. ഇതിനിടയിലാണ് കൃഷ്ണൻകുട്ടിയെ ആന തുമ്പിക്കൈ കൊണ്ടെടുത്ത് രണ്ട് തവണ വീശി നിലത്തിട്ടത്.
കൃഷ്ണൻകുട്ടിയെ കൂടാതെ മറ്റൊരാളെയും ആന തൂക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പാപ്പാൻ ആനയെ തളച്ചതോടെയാണ് കൂടുതൽ അപകടം ഒഴിവായത്. ആളുകൾ കൂട്ടമായി ഓടിയതിനെ തുടർന്ന് പുതിയങ്ങാടി ജാറത്തിനു സമീപത്തെ മസ്ജിദിന്റെ ഗേറ്റും മതിലും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.