മുംബൈ: പശ്ചിമഘട്ടങ്ങളിലെ മനുഷ്യരുടെ പരിസ്ഥിതി വിരുദ്ധ കടന്നാക്രമണത്തിന്റെ പരിണിതഫലമാണ് മുണ്ടക്കൈയിലെ ഉരുൾപൊട്ടലെന്നും കടന്നുകയറ്റം അവസാനിപ്പിച്ചില്ലെങ്കിൽ പുത്തുമല, മുണ്ടക്കൈ പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. സംഭവിച്ചത് നിർഭാഗ്യകരമാണ്. മനുഷ്യ നിർമിത ദുരന്തങ്ങളാണിത്. കടന്നുകയറ്റം കൂടുന്നതിനനുസരിച്ച് ദുരന്തങ്ങളും കൂടും. കാലാവസ്ഥ വ്യതിയാനം കൂടിയാകുമ്പോൾ സാധ്യത വർധിക്കുകയാണ്. കുന്നുകൾ, ചെങ്കുത്തായ ഇറക്കങ്ങൾ, കൂടുതൽ മഴ പെയ്യുന്നു എന്നീ ഘടകങ്ങൾ കാരണം പുത്തുമല, മുണ്ടക്കൈ പ്രദേശങ്ങളെ അതീവ ജാഗ്രത മേഖലയിലാണ് തന്റെ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
വർധിച്ച റിസോർട്ടുകൾ, അവരുടെ കൃത്രിമ നീന്തൽ കുളങ്ങൾ, ക്വാറികൾ എന്നിവ കാരണം ഭൂഘടനക്ക് സാരമായ മാറ്റം സംഭവിച്ചു. പരിസ്ഥിതിക്ക് നേരേ കണ്ണടച്ച് വ്യവസായികളുടെ താൽപര്യങ്ങൾക്ക് സർക്കാറും ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നു. ദുരന്തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽനിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാകില്ല. ഇപ്പോൾ ഈ പ്രദേശം വഴി തുരങ്കപാതയും നിർമിക്കുന്നു. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ മറവിൽ ‘വ്യവസായി’യുടെ പദ്ധതികളും മുഖ്യമന്ത്രിയുടെ അറിവോടെ അവിടെ സംഭവിക്കുന്നു. സർക്കാർ തിരുത്തുമെന്ന് തോന്നുന്നില്ല. പരിസ്ഥിതി കടന്നാക്രമണങ്ങൾക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാകണം.
മുമ്പത്തെ എന്റെ മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളിൽ ജനം ആവർത്തിക്കുന്നത് കാണുന്നുണ്ട്-മാധവ് ഗാഡ്കിൽ പറഞ്ഞു. രണ്ടാം യു.പി.എ ഭരണകാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ 14 അംഗ വിദഗ്ധ സമിതിയെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.