കോട്ടയം: ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മണർക്കാട് മാലത്ത് ഡി.വൈ.എഫ്.ഐ- യൂത്ത് കോൺഗ്രസ് സംഘർഷം. മാലം ജംഗ്ഷനിൽ ഇരുവിഭാഗം പ്രവർത്തകരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. തുടർന്ന് പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. കോട്ടയം എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജെയ്ക്.സി തോമസും സംഘർഷസ്ഥലത്തുണ്ട്.
പ്രദേശത്തെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ കല്ലേറുണ്ടായെന്നാണ് ആരോപണം. കോൺഗ്രസിന്റെ പ്രകടനം കടന്നുപോകുന്നതനിടെ പ്രദേശത്തെ വീട്ടിലേക്ക് കല്ലേറുണ്ടായി എന്നാണ് പരാതി. വീടിന്റെ സമീപത്തുള്ള കടയുടെ ചില്ലും തകർന്നിട്ടുണ്ട്.
എന്നാൽ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കല്ലെറിഞ്ഞു എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെടുന്നത്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. കമ്പ് എറിഞ്ഞപ്പോൾ അത് കഴുത്തിന് തട്ടിയാണ് മുറിവുണ്ടായത് എന്നാണ് ആരോപണം.
അതേസമയം, ആരോപണങ്ങളും വിവാദങ്ങളും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 37719 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ പരാജയപ്പെടുത്തിയത്. മത്സരിച്ച 12 തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടി നേടിയ ഏറ്റവും കൂടുതൽ ഭൂരിപക്ഷം 2011ലെ 33255 വോട്ടായിരുന്നു. ഈ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ മറികടന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ ജെയ്ക് സി. തോമസിന്‍റെ മൂന്നാമത്തെ പരാജയമാണ് ഇത്തവണത്തേത്. 2016ലും 2021ലും ഉമ്മൻചാണ്ടിയോട് യഥാക്രമം 27,092ഉം 9,044ഉം വോട്ടിനായിരുന്നു പരാജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.