തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ആസ്ഥാനത്തും ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു മുമ്പിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിൽ വെള്ളിയാഴ്ച ഒരു ആൺകുട്ടിയും പെൺകുട്ടിയും അമ്മകരുതലിനായി എത്തി. വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിക്കാണ് ആലപ്പുഴ അമ്മത്തൊട്ടിലിൽ മൂന്നുദിവസം മാത്രം പ്രായമുള്ള പെൺകുരുന്ന് അതിഥിയായി എത്തിയത്. അതേ ദിവസം രാത്രി 9.50-നാണ് നാലുദിവസം പ്രായമുള്ള ആൺകുട്ടി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സംരക്ഷണത്തിനായി എത്തിയത്.
നൊന്തു പെറ്റ അമ്മക്ക് സമാനമായി അമ്മത്തൊട്ടിൽ ഏറ്റുവാങ്ങിയ കുരുന്നുകളെ ശിശുക്ഷേമ സമിതി സഹോദരങ്ങളായി സ്വീകരിച്ച് നാളത്തെ ഇന്ത്യ സ്നേഹത്തിൽ അതിഷ്ഠിതമായ മാനവികതയുടെ നാടായി മാറാൻ മാനവ്, മാനവി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
ആലപ്പുഴയിൽ ലഭിച്ച മാനവിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തുടർ ചികിത്സകൾക്കായി വണ്ടാനം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു ലഭിച്ച മാനവിനെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനകൾ നടത്തി. പൂർണ ആരോഗ്യ വാനായ മാനവ് തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.
2002 നവംബർ 14-ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 593 ാമത്തെ കുരുന്നാണ് മാനവ്. കഴിഞ്ഞ എട്ടു മാസത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 11ാമത്തെ കുട്ടിയും എട്ടാമത്തെ ആൺകുട്ടിയുമാണ്. ആലപ്പുഴ അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന ഒമ്പതാമത്തെ കുട്ടിയും നാലാമത്തെ പെൺകുരുന്നുമാണ് മാനവി.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിദേശത്തേക്ക് 10 കുട്ടികൾ ഉൾപ്പെടെ ഇതുവരെ 67 കുട്ടികളെയാണ് സമിതിയിൽ നിന്നും സനാഥത്വത്തിൻറെ മടിത്തട്ടിലേക്ക് കൈപിടിച്ച് സമിതി യാത്രയാക്കിയത്. അതിഥികളുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശി കൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണ മെന്നും ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.